തൃശൂർ: തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പാര്‍ട്ടി പ്രവര്‍ത്തകരോട് ക്ഷോഭിച്ചതില്‍ വിശദീകരണവുമായി നടനും തൃശൂരിലെ ബിജെപി സ്ഥാനാർഥിയുമായ സുരേഷ് ഗോപി.
വോട്ടര്‍പ്പട്ടികയില്‍ ആളെ ചേര്‍ക്കാത്തതിനാണ് ശകാരിച്ചതെന്നും തന്റെ അണികളെ വഴക്കുപറയാനുള്ള അധികാരവും അവകാശവും തനിക്കുണ്ടെന്നും അവർ ചെയ്യാനുള്ള ജോലി അവർ ചെയ്യണമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോടു പറഞ്ഞു.
കാറില്‍ കയറിയപ്പോള്‍ എന്റെ പ്രവർത്തകരുടെ മുന്നില്‍വച്ച് ആദിവാസികള്‍ പറയുന്നു, ഞങ്ങളുടെ പേര് വോട്ടർ പട്ടികയില്‍ ചേർത്തിട്ടില്ല. അത് ഏല്‍പ്പിച്ചിരിക്കുന്ന ജോലിയാണ്. അമിത് ഷാ ഏല്‍പ്പിച്ചിരിക്കുന്ന ജോലിയാണ്. അവരെ സ്നേഹിക്കുക മാത്രമല്ല, തലോടുക മാത്രമല്ല, താക്കീത് ചെയ്യാനും ശാസിക്കാനുമുള്ള അവകാശം എനിക്ക് ഉണ്ട്. അത് താന്‍ ചെയ്തെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്തേക്കു പോകുമെന്നു വെറുതെ പറഞ്ഞതല്ലെന്നും അതൊക്കെ അവരെ പേടിപ്പിക്കുന്നതിന്റെ ഒരു മാർഗം തന്നെയാണെന്നും സുരേഷ് ഗോപി പറഞ്ഞു. അവർ ചെയ്യാനുള്ള ജോലി അവർ ചെയ്യണം, അല്ലെങ്കില്‍ എനിക്ക് എന്റെ ജോലി ചെയ്യാൻ സാധിക്കില്ല. നാളെ ജയിച്ചു കഴിഞ്ഞാലും അണികളായ ഇവരാണ് ഓരോ സ്ഥലത്തും പോയി എന്താണു വിഷയങ്ങളെന്ന് എന്റെ അടുത്ത് എത്തിക്കേണ്ടത്. അതിനല്ലേ പിന്നീട് ഞാൻ നടപടിയെടുക്കേണ്ടത്? അതിന്റെ ചെറിയൊരു സാംപിളാണ് അവിടെ കണ്ടത്. അത്രേയുള്ളൂവെന്നും സുരേഷ് ഗോപി പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശാസ്താംപൂവ് ആദിവാസി കോളനിയില്‍ സന്ദർശനത്തിനെത്തിയപ്പോളാണ് സംഭവം. സ്ഥലത്ത് ആളുകള്‍ കുറവായിരുന്നതും 25 പേരെ വോട്ടർ പട്ടികയില്‍ ചേർക്കാതിരുന്നതുമാണ് സുരേഷ് ഗോപിയെ ചൊടിപ്പിച്ചത്.
സ്ഥലത്തെ ബൂത്ത് ഏജന്റുമാർക്കും പ്രവർത്തകർക്കും എന്താണ് ജോലിയെന്ന് സുരേഷ് ഗോപി ചോദിച്ചു. നിങ്ങള്‍ എനിക്ക് വോട്ട് മേടിച്ച് തരാനാണെങ്കില്‍ വോട്ട് ചെയ്യേണ്ടവർ അവിടെയുണ്ടാകണ്ടേ. നമ്മള് യുദ്ധത്തിനല്ല അവരെ സഹായിക്കാനാണ് ഇറങ്ങിയിരിക്കുന്നതെന്ന് അദ്ദേഹം പ്രവർത്തകരോട് പറഞ്ഞു.
അതിന് സാഹായിച്ചില്ലെങ്കില് നാളെ തിരുവനന്തപുരത്തേക്ക് മടങ്ങും. നാമനിർദേശ പട്ടികയൊന്നും സമർപ്പിച്ചിട്ടില്ലല്ലോ. തിരുവനന്തപുരത്തെത്തി രാജീവ് ചന്ദ്രശേഖറിന് വേണ്ടി പ്രവർത്തിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. തുടർന്ന് പ്രവർത്തകർ ചേർന്ന് അദ്ദേഹത്തെ അനുനയിപ്പിക്കുകയായിരുന്നു.