അബുദാബി ജയിലില്‍ നിന്നും മോചിതനായ തൃശൂര്‍ സ്വദേശി ബെക്സ് കൃഷ്ണന് നാട്ടിലെത്തി. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. വ്യവസായി എം.എ. യൂസഫലിയുടെ ഇടപെടലിലൂടെയാണ് ബെക്സിന്റെ മോചനം സാധ്യമായത്. ഭാര്യ വീണയും മകന് അദ്വൈതും വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയിരുന്നു.
ബെക്സ് കൃഷ്ണന് നാട്ടിലെത്തുമ്പോള്‍ സഫലമാകുന്നത് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലിയുടെ 6 വര്‍ഷത്തെ പ്രയത്നം. സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായിരുന്ന ബെക്സ് ഓടിച്ച കാറിടിച്ചു സുഡാനി ബാലന് മരിച്ചതിനെ തുടര്‍ന്നായിരുന്നു വധശിക്ഷ. ബന്ധു സേതുവാണു സഹായമഭ്യര്‍ഥിച്ച് യൂസഫലിയുടെ പക്കലെത്തിയത്.
സുഡാനി കുടുംബത്തോടു പലവട്ടം സംസാരിച്ചെങ്കിലും മാപ്പു നല്കാന് അവര്‍ തയാറായില്ല. 6 വര്‍ഷം ശ്രമിച്ച ശേഷമാണ് അനുനയിപ്പിക്കാനായതെന്നും അവര്‍ക്കുള്ള നഷ്ടപരിഹാരമായി ജനുവരിയില്‍ തന്നെ താന്‍ ഒരു കോടി രൂപ കോടതിയില്‍ കെട്ടിവച്ചതായും യൂസഫലി പറഞ്ഞു. നിയമ നടപടികള്‍ക്കു ശേഷം ഇപ്പോഴാണു മോചനം സാധ്യമായത്.