തിരുവനന്തപുരം: മുഖ്യമന്ത്രി നുണയന് കഴിവുകേടും അഴിമതിയും മറയ്ക്കാന്‍ ദുരാരോപണം നടത്തുന്നു. എന്നെ വര്‍ഗീയവാദിയെന്ന് വിളിക്കുന്നു മുഖ്യമന്ത്രിക്ക് രൂക്ഷമായ മറുപടിയുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. മുഖ്യമന്ത്രി നുണയനാണ്. ഹമാസ് പ്രതിനിധിക്ക് കേരളത്തിലെ ഒരു സമ്മേളനത്തില്‍ സംസാരിക്കാന്‍ അനുവദിച്ചതില്‍ കോണ്‍ഗ്രസും മിണ്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നെ വര്‍ഗീയവാദി എന്ന് വിളിക്കാന്‍ എന്ത് ധാര്‍മ്മികതയാണ് മുഖ്യമന്ത്രിക്കുള്ളത്.
എന്റെ രാഷ്ട്രീയ ആരോപണങ്ങളും അവിശ്വാസവും മുഖ്യമന്ത്രിക്ക് നേരെയാണെന്നും രാജീവ് ചന്ദ്രശേഖര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കളമശ്ശേരിയിലുണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി.
വര്‍ഗീയതയുടെ വിഷമെന്ന് മുഖ്യമന്ത്രി തന്നെകുറിച്ച് പരാമര്‍ശിച്ചു. വിധ്വംസക ശക്തികളെ പ്രീണിപ്പിച്ചതിന്റെ ചരിത്രമുണ്ട്. ഇടതുപക്ഷവും കോണ്‍ഗ്രസും ഇതിന് കൂട്ടുനിന്നു. വിധ്വംസക ശക്തികള്‍ക്കെതിരെ പറയുന്നവരെ വര്‍ഗീയവാദി എന്ന് മുഖ്യമന്ത്രി വിളിക്കുന്നു. എലത്തൂര്‍ സംഭവം ഭീകരാക്രമണം അല്ലെന്ന് മുഖ്യമന്ത്രി അന്ന് പറഞ്ഞു. ഈ ആക്രമണത്തില്‍ പിന്നീട് സാക്കിര്‍ നായിക്ക് ഗ്രൂപ്പിന്റെ പങ്ക് വ്യക്തമായി.
എല്ലാ മതവിഭാഗങ്ങളുമായും തനിക്ക് നല്ല ബന്ധമാണുള്ളത്. മുന്‍വിധിയോടെ ഞങ്ങള്‍ കാര്യങ്ങളെ സമീപിച്ചിട്ടില്ല. ഹമാസ് നടക്കുന്ന കൂട്ടകൊലയെ കുറിച്ച് മൗനം പാലിക്കുന്നതിനെയാണ് താന്‍ ചോദ്യം ചെയ്യുന്നത്. സ്വരാജും മുനീറും ഹമാസ് സ്വതന്ത്ര്യത്തിന് വേണ്ടി പോരാടുന്നവര്‍ എന്ന് പറയുമ്പോള്‍ കേരളത്തിലെ യുവാക്കള്‍ക്ക് എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ‘വിഷാംശമുള്ളവര്‍ എപ്പോഴും ആ വിഷം ചീറ്റിക്കൊണ്ടിരിക്കും. ഈ മന്ത്രിയുടെ ചുവടുപിടിച്ച് കൂടെയിരിക്കുന്നവരും പ്രസ്താവനകള്‍ കൊടുത്തിട്ടുണ്ട്. പക്ഷേ, ഇദ്ദേഹം ഒരു മന്ത്രിയാണ്. ആ സ്ഥാനത്തിരിക്കുന്ന ഒരാള്‍ അന്വേഷണ ഏജന്‍സികളോട് സാധാരണ ഗതിയിലുള്ള ആദരവെങ്കിലും കാണിക്കണം. പ്രത്യേകമായ ചിലരെ ലക്ഷ്യം വച്ചു കൊണ്ടുള്ള പ്രചാരണ രീതികളാണ് ഈ വിഭാഗം സ്വീകരിക്കുന്നത്. അത് അവരുടെ വര്‍ഗീയ നിലപാടിന്റെ ഭാഗമാണ്. ഇത്തരം വര്‍ഗീയ നീക്കങ്ങളുടെ ഭാഗമായി ആരെങ്കിലും തെറ്റിദ്ധരിക്കപ്പെട്ടാല്‍ ശക്തമായ നടപടിയുണ്ടാകും.’
കേരളത്തിലെ ഏതെങ്കിലും നേതാക്കള്‍ സമാന പ്രസ്താവന നടത്തിയിട്ടുണ്ടെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്തവന.