തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശത്തെ ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമുള്ള പോഷാകാഹാര പദ്ധതിയുമായി തിരുവനന്തപുരം ജില്ലയിലെ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ നാഷണല്‍ സര്‍വീസ് സ്കീം (എന്‍.എസ്.എസ്) യൂണിറ്റുകള്‍. കൊല്ലംകോട് മുതല്‍ കാപ്പില്‍ വരെയുള്ള പ്രദേശങ്ങളിലെ ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമാണ് പദ്ധതി ആനുകൂല്യം ലഭിക്കുക. പോഷകതീരം എന്ന ശീര്‍ഷകത്തിലുള്ള പദ്ധതിയുടെ ഭാഗമായ പോഷകാഹാര കിറ്റുകളുടെ വിതരണം ഇന്ന് രാവിലെ 11 ന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നടന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ബാബു കിറ്റുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. അഡ്വ. എം. വിന്‍സെന്റ് എംഎല്‍എ കിറ്റുകള്‍ സ്വീകരിച്ചു. കോവിഡ് ബോധവത്കരണ ലഘുലേഖയുടെ പ്രകാശനം എന്‍.എസ്.എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. ജേക്കബ് ജോണ്‍ നിര്‍വഹിക്കും. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് വളരെ ലളിതമായാണ് ഈ ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് ജില്ലാ കണ്‍വീനര്‍ ജോയ് ഓലത്താന്നി അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ ആകെ 104 ഹയര്‍സെക്കന്‍ഡറി എന്‍.എസ്.എസ് യൂണിറ്റുകളാണുള്ളത്. ഈ യൂണിറ്റുകളെ ഏകോപിപ്പിച്ചാണ് പോഷകതീരം പദ്ധതി ആവിഷ്കരിച്ചത്. പയര്‍, പരിപ്പ്, ഉഴുന്ന്, അരി, സോയ, എള്ള്, കപ്പലണ്ടി, ഗോതന്പ്, റാഗി, ഏലം എന്നിവ ഉള്‍പ്പെടുന്നതാണ് പദ്ധതി പ്രകാരമുള്ള പോഷകാഹാരം.
ആവശ്യാനുസരണം പാലിലോ വെള്ളത്തിലോ നല്ലവണ്ണം കലക്കി മധുരം ചേര്‍ത്ത് ചെറുചൂടില്‍ വേവിച്ച് ഉപയോഗിക്കാവുന്നതാണ്. അമൃതം പോഷകാഹാരം തയാറാക്കുന്ന ആമച്ചലിലെ പ്രകൃതി ന്യൂട്രിമിക്സ് കുടുംബശ്രീ യൂണിറ്റാണ് പോഷകതീരം തയാറാക്കിയത്. തീരദേശത്തെ സന്നദ്ധ സംഘടനയായ കോസ്റ്റല്‍ സ്റ്റുഡന്റ്സ് കള്‍ച്ചറല്‍ ഫോറം (സി.എസ്.സി.എഫ്) പദ്ധതിക്കു വേണ്ട പിന്തുണ നല്കി. ജില്ലയിലെ തീരപ്രദേശത്തെ ആരോഗ്യ പ്രവര്‍ത്തകരുടെയും മറ്റും സഹായത്തോടെയാണ് ഗര്‍ഭിണികളുടെയും കുഞ്ഞുങ്ങളുടെയും കണക്കെടുത്തതെന്ന് എന്‍.എസ്.എസ് ജില്ലാ കണ്‍വീനര്‍ പറഞ്ഞു. കൊല്ലങ്കോട് മുതല്‍ കാപ്പില്‍ വരെയുള്ളത്. 4770 ഗുണഭോക്താക്കളാണ്. എന്‍.എസ്.എസ് യൂണിറ്റുകളുമായി പോഷകതീരം പദ്ധതി സംബന്ധിച്ച് ചര്‍ച്ച ചെയ്തപ്പോള്‍ തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്. പദ്ധതിക്കു വേണ്ട തുക യൂണിറ്റിലെ വോളണ്ടിയര്‍മാരുടെ സംഭാവനയാണ്. ലോക്ക് ഡൗണ്‍ കാലത്ത് തങ്ങള്‍ക്കാവും വിധം നന്മയാര്ന്ന പദ്ധതിയുടെ ഭാഗമാകണമെന്ന എന്‍.എസ്.എസ് വോളണ്ടിയര്‍മാരുടെ സാമൂഹ്യ പ്രതിബദ്ധത മാതൃകാപരമെന്ന് ജില്ലാ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.


