വിഴിഞ്ഞം : രോഗശയ്യയില്‍ കിടന്നുകൊണ്ട് അച്ഛന് മകള്‍ മകളോട് പറഞ്ഞു; അഞ്ചുപവന്റെ മാല തന്റെ മരണശേഷം നിര്‍ധനരായ കുടുംബത്തിനു നല്‍കണമെന്ന്. മരണശേഷം അച്ഛന്റെ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് മകള്‍ മിനി.
അഞ്ചുപവന്റെ മാല ജൂവലറിയില്‍ വിറ്റുകിട്ടിയ പണത്തില്‍നിന്ന് ഓരോ പവന്റെ അഞ്ച് മാലകള്‍ വാങ്ങി അര്‍ഹരായ കുടുംബത്തിനു നല്കി അച്ഛന്റെ ആഗ്രഹം പൂര്‍ത്തീകരിച്ചു. ആഴിമല ശിവക്ഷേത്രത്തിലെ മുന്‍ പ്രസിഡന്റും പുളിങ്കൂടി ബാബുപാലസില് കെ.ബാഹുലേയന്(93) തന്റെ മാല പാവങ്ങള്‍ക്കു നല്‍കാനായി ആഗ്രഹിച്ചത്.
വിമുക്തഭടനും പ്രവാസിയുമായിരുന്നു ബാഹുലേയന് രോഗം ബാധിച്ച് ഒരുവര്‍ഷത്തോളം വീട്ടില്‍ ചികിത്സയിലായിരുന്നു. മരുന്നുനല്‍കുന്ന വേളയില്‍ തന്റെ അഞ്ചുപവന്റെ മാല പാവപ്പെട്ട കുടുംബത്തിലെ പെണ്‍കുട്ടിക്ക് വിവാഹത്തിനായി നല്‍കണമെന്ന് മകള്‍ മിനിയോടു പറഞ്ഞിരുന്നു. ഈ മാസം നാലിന് ബാഹുലേയന് മരിച്ചു. തുടര്‍ന്ന് മരണാനന്തരച്ചടങ്ങില്വെച്ച് അച്ഛന്റെ ആഗ്രഹം നടത്തുന്നതിന് ആഴിമല വിമെന്‍സ് ക്ലബ് ചെയര്‍പേഴ്സണ്‍ ഉഷാമോഹനനെ മിനി സമീപിച്ചു. ഇതേത്തുടര്‍ന്ന് ബാഹുലേയന്റെ വീട്ടിലെ ജോലിക്കാരി സബിത, മഞ്ചവിളാകം സ്വദേശി ലതാകുമാരി, മുല്ലൂര്‍ സ്വദേശികളായ അശ്വനി, പുളിങ്കുടി സ്വദേശി ഗീത, ചൊവ്വര സ്വദേശി ഷൈനു എന്നിവരുടെ പട്ടിക നല്കി. കഴിഞ്ഞ 20-ന് മരണാന്തരച്ചടങ്ങുകള്ക്കുശേഷം കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ അഞ്ചുപേര്‍ക്കും മിനി ഓരോ പവന്റെ മാല സമ്മാനിച്ചു. ആഴിമല വിമെന്‍സ് ക്ലബ് പ്രസിഡന്റ് ജമുന, ട്രഷറര്‍ രാജി എന്നിവരും സംബന്ധിച്ചു.


