തിരുവനന്തപുരം: ഭക്തലക്ഷങ്ങള്‍ ഇന്ന് ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിക്കും. ലക്ഷക്കണത്തിന് അടുപ്പുകളില്‍ ഒരേ സമയം തീപകരുന്പോള് അനന്തപുരി ഭക്തിയുടെ തലസ്ഥാനമായി മാറും.
വരാനിരിക്കുന്ന അഭിവൃദ്ധിയുടെ സൂചനയായി പൊങ്കാലക്കലങ്ങളില് ദ്രവ്യങ്ങള്‍ തിളച്ചുതൂകി അമ്മയ്ക്ക് നിവേദ്യമാകുന്പോള് ഇത് പുണ്യത്തിന്റെ പൊങ്കാലപ്പകല്.
രാവിലെ ക്ഷേത്രത്തില്‍ പൊങ്കാലയ്ക്കു മുന്നോടിയായുള്ള പുണ്യാഹച്ചടങ്ങുകള് നടക്കും. തുടർന്ന് ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്നു ദീപം പകർന്ന് മേല്‍ശാന്തി ഗോശാല വിഷ്ണുവാസുദേവൻ നന്പൂതിരിക്ക് കൈമാറും.
വലിയ തിടപ്പള്ളിയിലെ അടുപ്പ് കത്തിച്ചശേഷം മേല്‍ശാന്തി ദീപം സഹമേല്‍ശാന്തിക്ക് കൈമാറും. ചെറിയ തിടപ്പള്ളിയിലെ അടുപ്പ് ജ്വലിപ്പിക്കുന്നത് സഹമേല്‍ശാന്തിയാണ്. ഇവിടെനിന്ന് 10.30ന് പണ്ടാരയടുപ്പിലേക്ക് തീ പകരും.
ഈ സമയം ചെണ്ടമേളത്തിന്റെയും വെടിക്കെട്ടിന്റെയും അകന്പടിയുണ്ടാകും. ഭക്തർ വായ്ക്കുരവകളോടെ പുണ്യമുഹൂർത്തത്തെ വരവേറ്റ് പൊങ്കാലയടുപ്പുകള്‍ കത്തിക്കും.
ഉച്ചയ്ക്ക് 2.30നാണ് പൊങ്കാല നിവേദിക്കുന്നത്. ഈ സമയം ഹെലികോപ്റ്ററില്‍നിന്ന് പുഷ്പവൃഷ്ടി ഉണ്ടാകും. തുടർന്ന് ക്ഷേത്രം ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള പൂജാരിമാർ ഭക്തരുടെ പൊങ്കാല അടുപ്പുകളില്‍ തീർഥം തളിക്കും. പിന്നെ അമ്മയുടെ അനുഗ്രഹം നേടിയതിന്റെ സാഫല്യത്തോടെ മടക്കം.


