തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് വീട്ടിലെ പ്രസവത്തിനിടയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഒരാളെക്കൂടി പ്രതിചേര്‍ത്തു.യുവതിയുടെ ഭര്‍ത്താവ് നയാസിന്റെ ആദ്യ ഭാര്യ റജീനയെ ആണ് കേസില്‍ പ്രതിചേര്‍ത്തത്.
നയാസിനെ ചോദ്യം ചെയ്തതില്‍നിന്നാണ് കേസില്‍ ഇവരുടെ പങ്ക് പോലീസിന് വ്യക്തമായത്. വീട്ടില്‍ പ്രസവം നടത്താന്‍ ഇവര്‍ യുവതിയെ പ്രേരിപ്പിച്ചെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ഇവര്‍ ഇപ്പോള്‍ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.
കേസില്‍ അക്യുപംഗ്ചര്‍ ചികിത്സകനായ വെഞ്ഞാറമൂട് സ്വദേശി ശിഹാബുദ്ദീനും പിടിയിലായിരുന്നു. യുവതിയുടെ ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ആധുനിക ചികിത്സ നല്‍കാതെ, പ്രസവവുമായി ബന്ധപ്പെട്ട് യുവതിക്ക് അക്യുപംഗ്ചര്‍ ചികിത്സയാണ് നല്‍കിയിരുന്നത്.
പാലക്കാട് സ്വദേശി ഷെമീറ ബീവിയും കുഞ്ഞുമാണ് കഴിഞ്ഞ ദിവസം പ്രസവത്തിനിടെ മരിച്ചത്. വീട്ടില്‍ വച്ച് പ്രസവം എടുക്കുന്നതിനിടെ രക്തസ്രാവമുണ്ടായതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണം.


