തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് വീട്ടില്‍ നടന്ന പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഭർത്താവിനെതിരേ നരഹത്യാക്കുറ്റം ചുമത്തും.
പാലക്കാട് സ്വദേശിയായ ഷമീറ ബീവിയും നവജാത ശിശുവുവാണ് മരിച്ചത്. ഷമീറയുടെ ഭർത്താവ് പൂന്തുറ സ്വദേശി നയാസിനെ നേമം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാൻ നയാസ് അനുവദിച്ചിരുന്നില്ല. ഇവര്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ പ്രദേശവാസികളും ആശാവര്‍ക്കറും വാര്‍ഡ് കൗണ്‍സിലറുമടക്കം പരിശ്രമിച്ചിട്ടും നയാസ് വഴങ്ങിയില്ല. പ്രസവം വീട്ടില്‍ മതിയെന്ന നിലപാടില്‍ നയാസ് ഉറച്ചുനിന്നതാണു മരണത്തിനു കാരണമായതെന്നു വ്യക്തമായതോടെയാണ് നടപടി.
സംഭവത്തില്‍ നയാസിനെതിരെ രൂക്ഷവിമർശനവുമായി ആരോഗ്യമന്ത്രി വീണാ ജോർജ് ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. ഷമീറയ്ക്ക് അക്യുപങ്ചർ ചികിത്സ നല്കിയ വെഞ്ഞാറമൂട് സ്വദേശി ശിഹാബിനെ പ്രതി ചേർക്കുന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും.
നയാസിന്റെ രണ്ടാം ഭാര്യയാണ് ഷമീറ. ആദ്യഭാര്യയില്‍ ഇയാള്‍ക്ക് മൂന്നുമക്കളുണ്ട്. നാലാമത്തെ പ്രസവത്തിനിടെ ആണ് മരണം. ആദ്യ ഭാര്യയും മൂത്ത മകളുമാണ് പ്രസവം എടുക്കാൻ ശ്രമിച്ചതെന്നു നാട്ടുകാർ പറഞ്ഞു.
പ്രസവ വേദന തുടങ്ങിയതിനു പിന്നാലെ ഷമീറയ്ക്ക് രക്തസ്രാവം അമിതമായി. കുഞ്ഞിന് വെളിയിലേക്ക് വരാന്‍ തടസമുണ്ടായി. തുടർന്ന് ബോധരഹിതയായ ഇവരെ നാട്ടുകാർ ഇടപെട്ട് ആംബുലന്‍സില്‍ കരമനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തുംമുൻപുതന്നെ യുവതിയും കുഞ്ഞും മരിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.