തിരുവനന്തപുരം : നിയമനത്തട്ടിപ്പില്‍ പണം തട്ടുകയെന്നതായിരുന്നു പ്രതികളുടെ ലക്ഷ്യം അന്വേഷണസംഘം.ആരോഗ്യവകുപ്പിനെ മറയാക്കിയുള്ള നിയമനത്തട്ടിപ്പില്‍ രാഷ്ട്രീയ ഗൂഡാലോചന സ്ഥിരീകരിക്കാതെ അന്വേഷണസംഘം. പ്രതികള്‍ക്ക് ഉണ്ടായിരുന്നത് പണം തട്ടിയെടുക്കുകയെന്ന ലക്ഷ്യം മാത്രമെന്നാണ് ഒന്നാംഘട്ട അന്വേഷണം പൂര്‍ത്തിയായപ്പോള്‍ കണ്ടെത്തിയത്. തട്ടിപ്പ് വിവരം പ്രതികള്‍ തന്നെ പുറത്തറിയിച്ചത് എന്തുകൊണ്ടാണെന്ന ് ഇതുവരെ കണ്ടെത്താനായില്ല. മുഖ്യപ്രതികളിലൊരാളായ ലെനിന് രാജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി പറഞ്ഞേക്കും.നിയമനത്തട്ടിപ്പില്‍ അന്വേഷണം തുടങ്ങിയിട്ട് 23 ദിവസമായി. ലെനിന് രാജ് ഒഴികെയുള്ള മൂന്ന് പ്രധാന പ്രതികള്‍ പിടിയിലാവുകയും അവരുടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാവുകയും ചെയ്തു.
മകന്റെ ഭാര്യയെ സര്‍ക്കാര്‍ ഡോക്ടറാക്കാന്‍ ഹരിദാസന് ശ്രമിക്കുന്നുണ്ടെന്ന കാര്യം സുഹൃത്തായ ബാസിത് അറിഞ്ഞു. ലെനിനോടും റയീസിനോടും ബാസിത് ഇക്കാര്യം അറിയിച്ചതോടെ പത്തനംതിട്ടയില്‍ സി.ഐ.ടി.യു ഓഫീസ് സെക്രട്ടറിയായ അഖില്‍ സജീവിന് ആരോഗ്യമന്ത്രിയുടെ പി.എ അഖില്‍ മാത്യുവുമായി ബന്ധമുണ്ടെന്നും അതുവഴി ജോലി നേടാമെന്നും ലെനിന് ബാസിതിനോട് പറഞ്ഞു. ഇക്കാര്യം പറഞ്ഞ് ഹരിദാസനില്‍ നിന്ന് ബാസിത് ഒരു ലക്ഷവും ലെനിന് അമ്പതിനായിരവും അഖില്‍ സജീവ് 25000 രൂപയും തട്ടിയെടുത്തു. ഹരിദാസനെ നേരിട്ട് കാണാതിരുന്ന അഖില്‍ സജീവ് ഫോണിലൂടെ രാഷ്ട്രീയസ്വാധീനങ്ങള്‍ പറഞ്ഞ് വിശ്വസിപ്പിച്ചു.മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലാണ് ഈ തട്ടിപ്പും അതിനുള്ള ഗൂഡാലോചനകളും നടന്നത്. ആരോഗ്യമന്ത്രിയുടെ ഓഫീസിനേക്കുറിച്ച് ഇല്ലാത്ത ബന്ധങ്ങള്‍ പറഞ്ഞായിരുന്നു തട്ടിപ്പെന്നും പൊലീസ് സ്ഥിരീകരിക്കുന്നു.


