തിരുവനന്തപുരം : കേരളം കാത്തിരിക്കുന്ന തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിലാണ് നറുക്കെടുപ്പ് നടക്കുക. തിരഞ്ഞെടുത്ത ടി.വി ചാനലുകളിലും കേരള ലോട്ടറിയുടെ യുട്യൂബ് ചാനലിലും തത്സമയം കാണാം. പതിവിന് വിരുദ്ധമായി ഇന്ന് രാവിലെ 10 മണിവരെ ഭാഗ്യക്കുറി വകുപ്പ് ഏജന്റുമാർക്ക് ടിക്കറ്റ് വിതരണം ചെയ്യും. ഇതാദ്യമായാണ് നറുക്കെടുപ്പ് ദിവസത്തിലും ടിക്കറ്റുകൾ വിതരണം ചെയ്യുന്നത്. സാധാരണയായി തലേദിവസം വൈകിട്ട് ആറ് മണിയോടെ ഏജന്റുകാർക്കായുള്ള ടിക്കറ്റ് വിതരണം അവസാനിക്കുന്നതാണ് പതിവ്.
ഇത്തവണ ടിക്കറ്റ് വിൽപന സര്‍വകാല റെക്കോര്ഡിലെത്തിയെന്നതും മറ്റൊരു പ്രത്യേകതയാണ്. കഴിഞ്ഞ ദിവസം വരെ എഴുപത്തിയൊന്നര ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞെന്നാണ് കണക്ക്. പതിനഞ്ച് കോടിയില്‍ നിന്ന് സമ്മാന തുക 25 കോടിയായി ഉയര്‍ത്തിയ കഴിഞ്ഞ വര്‍ഷം 6655914 ടിക്കറ്റുകളാണ് വിറ്റത്. മുന്‍ വര്‍ഷങ്ങളെക്കാള്‍ സമ്മാനങ്ങളുടെ എണ്ണം കൂട്ടിയതാണ് ഇക്കൊല്ലം റെക്കോര്‍ഡ് കണക്കിലെത്തിച്ചത്.
ഇത്തവണ ലോട്ടറിയെടുത്ത ഇതരസംസ്ഥാനക്കാരുടെ എണ്ണത്തിലും വന്‍ വര്‍ധനയുണ്ട്. ഇതര സംസ്ഥാനക്കാരെ ലക്ഷ്യമിട്ട് ലോട്ടറി വകുപ്പ് ഇറക്കിയ ഹിന്ദി, ബംഗാളി, ആസാമിസ് ഭാഷകളിലുള്ള പരസ്യവും ഫലം കണ്ടെന്നത് ഇതിലൂടെ വ്യക്തമാണ്. ബമ്പര്‍ വില്‍പ്പന അവസാന ദിവസത്തിലെത്തുമ്പോള്‍ ലോട്ടറി കടകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഒറ്റയ്ക്ക് ടിക്കറ്റ് എടുക്കുന്നവര്‍ക്കൊപ്പം തന്നെ ഷെയറിട്ട് ടിക്കറ്റെടുക്കുന്നവരും ഏറെയാണ്.
ഇക്കുറി കോടീശ്വരന്മാര് കൂടും. ഒന്നാം സമ്മാനമായ 25 കോടിയ്ക്ക് പുറമേ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കാനാണ് തീരുമാനം. കഴിഞ്ഞവര്‍ഷം രണ്ടാംസമ്മാനമായി അഞ്ചുകോടി രൂപയുടെ ഒറ്റസമ്മാനമേ ഉണ്ടായിരുന്നുള്ളൂ. ഇതാണ് ഒരു കോടി രൂപ വീതമാക്കി 20 പേര്‍ക്ക് നല്‍കുന്നത്. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേര്‍ക്ക് കിട്ടും. അഞ്ച് ലക്ഷം വീതം പത്തുപേര്‍ക്കാണ് നാലാം സമ്മാനം. രണ്ടുലക്ഷം വീതം 10 പേര്‍ക്ക് അഞ്ചാം സമ്മാനവും ലഭിക്കും. ടിക്കറ്റ് നിരക്ക് 500 രൂപ തന്നെയാണ്. 500 രൂപയുടെ ടിക്കറ്റ് വിറ്റാല്‍ തൊഴിലാളിക്ക് 100 രൂപ വീതം കിട്ടും.