തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് വീട്ടുമുറ്റത്തെ കിണറ്റില്‍ കരടി വീണു. അന്നമണി വീട്ടിലെ അരുണിന്റെ വീട്ടിലെ കിണറിലാണ് കരടി വീണത്. ഇന്നലെ രാത്രിയാണ് വീട്ടുകാര്‍ കിണറ്റില്‍ കരടിയെ കണ്ടത്. കോഴികളെ പിടികൂടാനായി എത്തിയ കരടി കിണറില്‍ വീഴുകയായിരുന്നു. ആളുകളുടെ ശബ്ദം കേട്ട് ഭയന്ന് ഓടുന്നതിനിടെയാണ് കരടി കിണറ്റില്‍ വീണതെന്നാണ് വിവരം.
വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് കരടിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. കരടിയെ വെറ്റിനറി ഡോക്ടര്‍ എത്തി മയക്കുവെടി വെച്ചു. അക്രമാസക്തമാകുന്ന സാഹചര്യം കണക്കിലെടുത്താണ് മയക്കുവെടി വെച്ച ശേഷം കരടിയെ കിണറിന് പുറത്തെത്തിക്കാന്‍ തീരുമാനിച്ചത്. കരടിയെ ഉടന്‍ കിണറിന് പുറത്തെത്തിക്കുമെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.


