തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ പ്രഭാത ഭക്ഷണ പരിപാടി എല്ലാ സ്കൂളുകളിലേക്കും വ്യാപിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. നിലവില്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട 12,040 സ്കൂളുകളില്‍ രണ്ടായിരത്തി നാന്നൂറോളം സ്കൂളുകളില്‍ നിലവില്‍ പ്രഭാത ഭക്ഷണ പദ്ധതി നടന്നു വരുന്നതായും അദ്ദേഹം പറഞ്ഞു.
എല്ലാ ജില്ലകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, എറണാകുളം ജില്ലയില്‍ ഇതിനു പുറമെ ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡിന്റെ സഹായത്തോടെ മൂന്ന് നിയോജക മണ്ഡലങ്ങളില്‍ (കളമശ്ശേരി, എറണാകുളം, കൊച്ചി) ഈ പദ്ധതി നടപ്പിലാക്കി വരുന്നു. കൂടുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും, സന്നദ്ധ സംഘടനകളുടേയും, പൂര്‍വ വിദ്യാര്‍ത്ഥി സംഘടനകളുടേയും സഹായത്തോടെ പ്രഭാത ഭക്ഷണ പദ്ധതി കൂടുതല്‍ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി.
വന്‍കിട കമ്പനികളുടെ സി.എസ്.ആര്. ഫണ്ട് കുട്ടികളുടെ ഭക്ഷണ പദ്ധതിയുമായി കൂട്ടിച്ചേര്‍ക്കാന്‍ ആകുമോ എന്ന കാര്യം പരിശോധിക്കുമെന്നും, ഇത് സംബന്ധിച്ച് ഒരു ആക്ഷന്‍ പ്ലാന്‍ തന്നെ വകുപ്പ് തയ്യാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഷാനവാസ് ഐഎഎസിനാണ് ആക്ഷന്‍ പ്ലാന്‍ ചുമതല. പിടിഎ, എസ്എംസി, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയെ ഉള്‍പ്പെടുത്തി ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.