തിരുവനന്തപുരം : മന്ത്രിസഭാ പുനഃസംഘടന ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വാര്‍ത്തകള്‍ക്ക് പിന്നില്‍ ചില ശക്തികളാണ്. എല്‍ഡിഎഫിനെ സ്നേഹിക്കുന്നവരല്ലെന്നും മന്ത്രി . എത്രകാലം മന്ത്രിയായിരിക്കുന്നു എന്നതിലല്ല, എന്തു ചെയ്യുന്നു എന്നതിലാണ് കാര്യമെന്നും ഗണേഷിനെതിരായ വിവാദം വിലയിരുത്തേണ്ടത് ഇടതുമുന്നണിയാണെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് ചര്‍ച്ച ചെയ്യേണ്ട വിഷയം സമയാസമയം ചര്‍ച്ച ചെയ്യും.
രണ്ട് മാസങ്ങള്‍ക്കപ്പുറം ചര്‍ച്ച ചെയ്യേണ്ട കാര്യം ഇപ്പോള്‍ പരിഗണിക്കേണ്ട ആവശ്യമില്ല. മാധ്യമസൃഷ്ടിയാണ് നിലവിലെ വാര്‍ത്തകളെന്നും അതിന് പിന്നിലുള്ളവരെ വരുംദിവസങ്ങളില്‍ അറിയാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രണ്ടര വര്‍ഷം കഴിഞ്ഞ് മാറണമെന്ന് കണ്ടീഷന്‍ ഉണ്ടായിരുന്നുവെങ്കില്‍ അത് അംഗീകരിക്കേണ്ടി വരും. രണ്ടര വര്‍ഷമാണ് കാലാവധിയെങ്കില്‍ അത് പൂര്‍ത്തിയാക്കി പോകുന്നതില്‍ അസ്വാഭാവികതയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടതുപക്ഷമുന്നണിക്ക് കോട്ടംതട്ടാത്ത വിധത്തിലുള്ള തീരുമാനം കൈകൊള്ളാന്‍ ശേഷിയുള്ള സംവിധാനം എല്‍ഡിഎഫിനുണ്ടെന്നും ആന്റണി രാജു കൂട്ടിച്ചേര്‍ത്തു.അതേസമയം, കെഎല്‍സിഎ തീരുമാനിച്ചിട്ടല്ല തന്നെ മന്ത്രിയാക്കിയത്. കെഎല്‍സിഎയുടെ ഭാരവാഹികള്‍ എല്ലാം കോണ്‍ഗ്രസുകാരാണ്. ഈ സംഘടന മുന്‍പും തനിക്കെതിരെ നിലപാടെടുത്തിട്ടുണ്ടെന്നും ആന്റണിരാജു പ്രതികരിച്ചു. ലത്തീന്‍ സമുദായത്തില്‍ നിന്ന് ഉയര്‍ന്നുവന്ന ആന്റണി രാജു ഇപ്പോള്‍ തിരിഞ്ഞുനോക്കാറില്ലെന്നായിരുന്നു കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ വിമര്‍ശനം.


