തിരുവനന്തപുരം:നവകേരള സദസ് നടക്കുന്ന ഞായറാഴ്ചകള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രവൃത്തി ദിനമാക്കാന്‍ തീരുമാനമെടുത്തിട്ടില്ലെന്ന വിശദീകരണവുമായി സര്‍ക്കാര്‍. ജില്ലാ കലക്ടര്‍മാര്‍ക്ക് അത്തരം നിര്‍ദേശമോ ഉത്തരവോ നല്‍കിയിട്ടില്ല. എന്നാല്‍ നവകേരള സദസിന്റെ നടത്തിപ്പിന് ആവശ്യമായ നടപടിക്ക് കലക്ടര്‍മാര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ടെന്നാണ് ചീഫ് സെക്രട്ടറി ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്ന വിശദീകരണം.
കാസര്‍കോട് ഞായറാഴ്ച സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് പ്രവൃത്തി ദിനമാക്കിയതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. കാസര്‍കോട് കൂടാതെ കോഴിക്കോട്, പാലക്കാട്, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലും ഞായറാഴ്ചകളിലാണ് നവകേരളസദസ് നടക്കുക.അതേസമയം, കാസര്‍കോട് ജില്ലാ കലക്ടറുടെ ഉത്തരവ് വിചിത്രമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എം.പി. ഉദ്യോഗസ്ഥരെ പി.ആര് മാമാങ്കത്തിന് ജയ് വിളിപ്പിക്കാനാണ് ശ്രമം. ഉത്തരവ് ഉടന്‍ തിരുത്തണം. യുഡിഎഫ് അനുകൂല സംഘടനകള്‍ പരിപാടി ബഹിഷ്കരിക്കുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു.


