തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നു മുതല്‍ ബുധനാഴ്ച വരെ 10 ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
പാലക്കാട്, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളില്‍ കടുത്ത ചൂടിനാണ് സാധ്യത. ഒന്നാംഘട്ട അലർട്ടായ യെല്ലോ അലർട്ടാണ് ഇവിടങ്ങളില്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
പാലക്കാട്, കൊല്ലം ജില്ലകളില്‍ ഉയർന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ഉയർന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, പത്തനംതിട്ട, തൃശൂർ ജില്ലകളില്‍ ഉയർന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, എറണാകുളം, കണ്ണൂർ ജില്ലകളില്‍ ഉയർന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയേക്കാള്‍ രണ്ടുമുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്.