തിരുവനന്തപുരം മെഡിക്കൽ കോളേജ് ഒപി ബ്ലോക്കിൽ രോഗി ലിഫ്റ്റിൽ കുടുങ്ങിയ സംഭവത്തിൽ നടപടി. 2 ലിഫ്റ്റ് ഓപ്പറേറ്റർമാരെയും, ഡ്യൂട്ടി സാർജന്റിനെയും സസ്പെൻഡ് ചെയ്തു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍, പ്രിന്‍സിപ്പല്‍, സൂപ്രണ്ട് എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.ചികിത്സയ്ക്കെത്തിയ തിരുമല സ്വദേശി രവീന്ദ്രൻ നായർ ആണ് ലിഫ്റ്റിൽ കുടുങ്ങിയത്. ശനിയാഴ്ച രാവിലെ 11 മണിക്ക് ലിഫ്റ്റ് കയറിയ രോഗിയെ ഇന്ന് രാവിലെ ആറുമണിക്കാണ് കണ്ടെത്തിയത്.
ഇന്ന് രാവിലെ ലിഫ്റ്റ് ഓപ്പറേറ്റര്‍ എത്തിയപ്പോഴായിരുന്നു രവി ലിഫ്റ്റില്‍ കുടുങ്ങിയ വിവരം അറിഞ്ഞത്. സൂപ്രണ്ട് ഓഫീസിലെ ഒപി ബ്ലോക്കില്‍ ലിഫ്റ്റിലാണ് കുടുങ്ങിയത്.രവീന്ദ്രൻ നായരെ കാണാതായെന്ന് കാട്ടി കുടുംബം മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്ന് രാവിലെ ലിഫ്റ്റ് ഓപ്പറേറ്റർ എത്തി തുറന്നപ്പോഴാണ് രവീന്ദ്രൻ നായരെ ലിഫ്റ്റിനുള്ളിൽ കണ്ടത്. ഫോണ്‍ ലിഫ്റ്റില്‍ വീണ് പൊട്ടിയിരുന്നു. ഇതിനാല്‍ ആരെയും വിളിക്കാന്‍ സാധിച്ചില്ല. കാണാതായപ്പോള്‍ വീട്ടില്‍ നിന്ന് ഫോണില്‍ വിളിച്ചെങ്കിലും ലഭിച്ചതുമില്ല. തുടര്‍ന്ന് ബന്ധുക്കള്‍ ഇന്നലെ രാത്രി മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.


