തിരുവനന്തപുരം: നിപ പരിശോധന സംവിധാനമില്ലെന്ന ആക്ഷേപങ്ങള്‍ക്കിടെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ തിരുവനന്തപുരം തോന്നയ്ക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ ആദ്യ പരിശോധന നടന്നു. പനി ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ബിഡിഎസ് വിദ്യാര്‍ഥിക്ക് നിപയില്ലെന്ന് സ്ഥിരീകരിച്ചു. ഇതോടെ തിരുവനന്തപുരത്ത് ആശങ്ക ഒഴിവായി. കോഴിക്കോട്ടെ രോഗികളുടെ സാംപിളുകള്‍ പുണെയിലേയ്ക്ക് പരിശോധനയ്ക്ക് അയച്ചതിനെതിരെ പ്രതിപക്ഷം വിമര്‍ശനമുന്നയിച്ചിരുന്നു.
കേരളത്തില്‍ പരിശോധന സൗകര്യമില്ലെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളിലും സര്‍ക്കാരിനെതിരെ പരിഹാസമുയര്‍ന്നു. തോന്നക്കലില്‍ നിപ പരിശോധന സാധ്യമാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെടുമ്പോള്‍ ഐസിഎംആര്‍ മാനദണ്ഡ പ്രകാരമാണ് സ്ഥിരീകരണത്തിനായി സാംപിള്‍ പുണെയിലേയ്ക്ക് അയച്ചതെന്ന് ആരോഗ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു.നിലവില്‍ 789 പേരാണ് നിപ ബാധിതരുടെ സമ്പര്‍ക്കപ്പട്ടികയിലുണ്ട്. 77 പേര് വീടുകളില്‍ ഐസലേഷനിലാണ്. 157 ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 13 പേരെ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഐസലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മരിച്ച ഒരാളില്‍ ഉള്‍പ്പടെ നാലുപേരിലാണ് ഇതുവരെ നിപ സ്ഥിരീകരിച്ചത്.


