തിരുവനന്തപുരം : പൂവച്ചലില്‍ പത്താംക്ലാസുകാരനെ കാറിടിച്ചുകൊന്ന കേസില്‍ പൊലീസിന് വീഴ്ചയുണ്ടായെന്ന ആരോപണം അന്വേഷിക്കുമെന്ന് ഡിഐജി നിശാന്തിനി. സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയിട്ടും കാട്ടക്കട പൊലീസ് നടപടിയെടുക്കാന്‍ വൈകിയെന്ന ആരോപണത്തിലാണ് അന്വേഷണം. റൂറല്‍ പൊലീസിലെ അഡിഷണല്‍ എസ്പി സുല്‍ഫിക്കര്‍ അന്വേഷിക്കുമെന്നും ഡിഐജി വ്യക്തമാക്കി. ഓഗസ്റ്റ് മുപ്പതാം തിയതി വൈകിട്ട് സംഭവം നടന്നിട്ടും സെപ്റ്റംബര്‍ ഒന്‍പതിന് മാത്രമാണ് കൊലപാതകക്കുറ്റം ചുമത്തി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. ബന്ധുക്കള്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് നല്‍കിയിട്ടും കേസെടുക്കാന്‍ രണ്ട് ദിവസം വൈകിയെന്നാണ് ആരോപണം.
എന്നാല്‍ കേസിന്റെ തുടക്കത്തില്‍ ഇത് കൊലപാതകമാണെന്ന ആരോപണം മാതാപിതാക്കള്‍ക്കും ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ക്ഷേത്രപരിസരത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പത്താംക്ലാസുകാരനായ ആദിദേവിനെ പ്രിയരഞ്ജന് മനഃപൂര്‍വം കാറിടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഇത് സാധൂകരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അരമണിക്കൂറോളം പ്രതി കാത്ത് കിടന്നശേഷമാണ് കളി കഴിഞ്ഞു വന്ന ആദിദേവിനെ കൂട്ടുകാരന് സമീപത്ത് നിന്ന് മാറിയ നേരത്ത് അമിത വേഗത്തില്‍ കാറിലെത്തി ഇടിച്ച് തെറിപ്പിച്ചത്. കുട്ടിയെ ഏപ്രിലില്‍ പ്രിയരഞ്ജന് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതിന്റെ മൊഴിയും പുറത്തുവന്നിരുന്നു. കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ പ്രിയരഞ്ജനെ തമിഴ്നാട് കുഴിത്തുറയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.