തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്, മകള്‍ വീണ വിജയന് എന്നിവര്‍ക്കെതിരായ മാത്യു കുഴല്നാടൻ എംഎല്‍എയുടെ ഹർജി പരിഗണിക്കുന്നത് ഈമാസം 27-ലേക്ക് മാറ്റി.ഹർജിയെ എതിർത്ത വിജിലൻസ്, കുഴല്‍നാടന്റെ ഹർജിയില്‍ അഴിമതി നിരോധന വകുപ്പിന്റെ പരിധിയിലെ ആരോപണങ്ങളില്ലെന്നും കേസെടുക്കാനാകില്ലെന്നും കോടതിയെ അറിയിച്ചു.
തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് വിജിലൻസ് ഡയറക്ടർ നിലപാട് അറിയിച്ചത്. കുഴല്‍നാടന്റെ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് വിജിലന്‍സ് ചൂണ്ടിക്കാട്ടി. കേസില്‍ പ്രത്യേകമായി വാദം കേള്‍ക്കേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. കേസില്‍ ഇരുഭാഗത്തിന്റെയും വാദം കേള്‍ക്കുന്നതിനായി മാറ്റുകയായിരുന്നു.
ധാതുമണല്‍ ഖനനത്തിന് സിഎംആര്‍എല്‍ കമ്ബനിക്ക് വഴിവിട്ട് സഹായം നല്‍കിയെന്നും, പ്രത്യുപകാരമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് സിഎംആര്‍എല്‍ കമ്ബനി മാസപ്പടി കൊടുത്തുവെന്നുമാണ് മാത്യു കുഴല്നാടന് ഹര്‍ജിയില്‍ ആരോപിക്കുന്നത്. മുഖ്യമന്ത്രിയും മകളുമടക്കം ഏഴുപേര്‍ക്കെതിരെയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ഫെബ്രുവരി 29നാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ഹര്‍ജി ഫയലില്‍ സ്വീകരിക്കുന്നത് സര്‍ക്കാര്‍ അഭിഭാഷകൻ എതിര്‍ത്തിരുന്നു. എന്നാല്‍ കോടതി ഈ ആവശ്യം തള്ളി. പിന്നീട് സര്‍ക്കാര്‍ അഭിഭാഷകനോട് ഹര്‍ജിയില്‍ മറുപടി നല്കാൻ 15 ദിവസം സമയം അനുവദിക്കുകയായിരുന്നു.


