തിരുവനന്തപുരം: ഒരുമാസത്തെ ക്ഷേമപെന്ഷന് നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും വിതരണം വെള്ളത്തിലെ വരയായി മാറി. ക്ഷേമപെന്ഷന് വിതരണത്തിന് വേണ്ട 900 കോടി രൂപ ഇതുവരെ തികയ്ക്കാന്‍ കഴിഞ്ഞില്ല. ക്ഷേമപെന്ഷന് ഉള്‍പ്പടെ അടിസ്ഥാന വിഭാഗങ്ങള്‍ക്ക് ആശ്രയമായ ആനുകൂല്യങ്ങള്‍ മുടങ്ങുന്നതിനെതിരെ സി.പി.എം സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് ഒരു മാസത്തെ തുക എങ്കിലും കൊടുക്കാന്‍ ധനവകുപ്പ് തിരക്കിട്ട നീക്കം തുടങ്ങിയത്.
നാലുമാസത്തെ ക്ഷേമപെന്ഷന് തുകയാണ് കുടിശിക. 6400 രൂപ വീതമാണ് ഓരോരുത്തര്‍ക്കും നല്‍കാനുള്ളത്. ഇതില്‍ ഒരുമാസത്തെ കുടിശിക നല്‍കാനാണ് ധനവകുപ്പ് കഴിഞ്ഞദിവസം തീരുമാനിച്ചത്. 900 കോടി ഇതിനായി മാറ്റിവയ്ക്കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ വാര്‍ത്താക്കുറിപ്പിറക്കിയെങ്കിലും എന്ന് വിതരണം തുടങ്ങുമെന്ന് വ്യക്തമാക്കിയിരുന്നില്ല. ഈയാഴ്ച ക്ഷേമപെന്‍ഷനു വേണ്ട പണം അനുവദിച്ച് വിതരണം തുടങ്ങാന്‍ സാധിക്കാത്ത സ്ഥിതിയാണ്. റിസര്‍വ് ബാങ്ക് വഴി വായ്പയെടുക്കാന്‍ അവശേഷിക്കുന്നത് ഇനി 52 കോടി മാത്രമാണ്.
ട്രഷറി നിയന്ത്രണം കടുപ്പിച്ചും ചെലവുകള്‍ മാറ്റിവച്ചും പണം കണ്ടെത്താനാണ് ശ്രമo. സാമ്പത്തിക പ്രതിസന്ധിയില്‍ ധൂര്‍ത്താണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചത് സത്യമാണെന്ന് വീണ്ടും തെളിയുന്ന .കോടികള്‍ മുടക്കി കേരളീയം ഘോഷിച്ചപ്പോള്‍ അത്താഴപട്ടിണിക്കാരന് മരുന്നു വാങ്ങാനുള്ള പണം നല്കാന് പോലും സര്ക്കാരിനാകുന്നില്ലെന്നത് സര്‍ക്കാര്‍ വന്‍ പരാജയ മാണെന്ന് അവര്‍ തന്നെ വീണ്ടും അടിവരയിട്ട് കാട്ടുകയാണ്.
ഇതുവരെ 900 കോടി തികച്ച് സമാഹരിക്കാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ അടുത്തയാഴ്ചയേ ക്ഷേമപെന്ഷന് വിതരണം നടത്താന്‍ സാധിക്കൂ എന്നതാണ് സ്ഥിതി. സാമ്പത്തിക പ്രതിസന്ധിയില്‍ ആനുകൂല്യങ്ങള്‍ മുടങ്ങുന്നത് ജനരോഷത്തിനിടയാക്കുന്നെന്ന ചര്‍ച്ച സി.പി.എമ്മില്‍ തന്നെയുണ്ട്. കഴിഞ്ഞദിവസം ചേര്‍ന്ന സംസ്ഥാന സമിതിയില്‍ ഇക്കാര്യത്തില്‍ വിമര്‍ശനം ഉയര്‍ന്നു. തുടര്‍ഭരണം കിട്ടാന്‍ പിന്തുണച്ച അടിസ്ഥാന ജനവിഭാഗങ്ങളിലുണ്ടായ അതൃപ്തി പരിഹരിക്കണം എന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ക്ഷേമ പെന്ഷന് വിതരണത്തിന് കൊണ്ടുപിടിച്ച ശ്രമം ധനവകുപ്പ് തുടങ്ങിയത്.


