തിരുവനന്തപുരം: ഡോ. ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ഡോ ഇ എ റുവൈസിന്റെ പിതാവിനെയും പ്രതിയാക്കി.കരുനാഗപ്പള്ളി കോഴിക്കോട് ഇടയില വീട്ടില്‍ അബ്ദുല്‍ റഷീദിനെയാണ് രണ്ടാം പ്രതിയാക്കിയത്. പെണ്‍കുട്ടിയുടെ മരണത്തിനു കാരണമായ സ്ത്രീധനത്തിനായി സമ്മര്‍ദം ചെലുത്തിയതിനാണ് ഇയാളെ പ്രതിയാക്കിയത്.
റുവൈസിന്റെ പിതാവ് ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ കൂടുതല്‍ സ്ത്രീധനം ചോദിക്കുകയും അതിനായി സമ്മര്‍ദം ചെലുത്തുകയും ചെയ്തതായി ഷഹ്നയുടെ മാതാവ് പൊലീസിനു മൊഴിനല്‍കിയിരുന്നു. അതേസമയം റിമാൻഡിലുള്ള റുവൈസിനെ ചൊവ്വാഴ്ച ഹാജരാക്കാൻ കോടതി ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് അന്ന് തന്നെ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് ശ്രമം. ഷഹ്നയും ആത്മഹത്യാക്കുറിപ്പിലെ കാര്യങ്ങളും ബന്ധുക്കളുടെ മൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് റുവൈസിനെയും അച്ഛനെയും പ്രതിയാക്കിയത്. ആത്മഹത്യാക്കുറിപ്പില്‍ റുവൈസിന്റെ പങ്ക് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.
ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ഷഹ്ന റുവൈസി വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. എന്നാല്‍ അയാള്‍ പ്രതികരിച്ചിരുന്നില്ല. ഇത്രയും സ്ത്രീധനം ചോദിച്ചാല്‍ തങ്ങള്‍ക്ക് അതു നല്‍കാനാകില്ലെന്നും താൻ മരിക്കുകയാണെന്നും ഷഹ്ന വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. റുവൈസ് ഇതു വായിച്ചശേഷം ഷഹ്നയെ ബ്ലോക്ക് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഷഹ്ന അയച്ച എല്ലാ സന്ദേശങ്ങളും ഡിലീറ്റ് ചെയ്തു. ഒരു പെണ്‍കുട്ടിയുടെ മരണം തടയാമായിരുന്നിട്ടും അതിന് ഡോക്ടര്‍ തുനിഞ്ഞില്ലെന്നും പൊലീസ് പറഞ്ഞു. ഷഹ്നയുടെ ഫോണില്‍ നിന്നും പൊലീസിന് സന്ദേശങ്ങള്‍ പൊലീസിന് കിട്ടിയിരുന്നു. ഇത് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. വിവാഹത്തിനു മുന്നോടിയായി റുവൈസും ബന്ധുക്കളും ഷഹ്നയുടെ വീട്ടിലേക്കും ഷഹ്നയുടെ വീട്ടുകാര്‍ റുവൈസിന്റെ വീട്ടിലേക്കും പോയിട്ടുണ്ടായിരുന്നു. എപ്പോള്‍ വിവാഹം നടത്തണമെന്നത് ഉള്‍പ്പെടെ ചര്‍ച്ച നടത്തി. പിന്നീടാണ് സ്ത്രീധനത്തിന്റെ പേരില്‍ റുവൈസ് പിൻമാറിയതെന്നാണ് പോലീസ് പറയുന്നത്.


