തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ വരുന്നു. ആരോഗ്യ, നിയമ, സാങ്കേതിക സര്‍വകലാശാലകള്‍ സ്ഥാപിക്കുന്നതിനും സ്വകാര്യ വിദ്യാഭ്യാസ ഗ്രൂപ്പുകള്‍ താല്പര്യമറിച്ചിട്ടുണ്ട്. മണിപ്പാല്‍, സിംബയോസിസ്, ആമിറ്റി തുടങ്ങി രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവയില്‍പെടുന്നു .
20 പ്രമുഖ സ്വകാര്യ സര്‍വകലാശാലകളാണ് കേരളത്തില്‍ ക്യാംപസ് ആരംഭിക്കുന്നതിന് താല്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. അമൃത, ജെയിന്, മണിപ്പാല്‍, സിംബയോസിസ്, ആമിറ്റി, അസിം പ്രേംജി, ക്രൈസ്റ്റ് എന്നീ സ്വകാര്യ സര്‍വകലാശാലകള്‍ ഇതിലുള്‍പ്പെടുന്നു.
തിരുവനന്തപുരത്തെ മാര്‍ ഇവാനിയോസും കൊച്ചിയിലെ രാജഗിരിയും സ്വകാര്യ സര്‍വകലാശാലകള്‍ സ്ഥാപിക്കുന്നത് സജീവമായി ആലോചിക്കുന്നു. ടൗണ്ഷിപ്പുകളായാവും സ്വകാര്യ സര്‍വകലാശാല കാമ്പസുകള്‍ കൊണ്ടുവരിക. വിമാന, റയില്‍ സൗകര്യങ്ങളുള്ള ജില്ലകളിലാവും സ്വകാര്യ നിക്ഷേപം വരാന്‍ കൂടുതല്‍ സാധ്യത.
താമസ സൗകര്യം മുതല്‍ വിനോദ കേന്ദ്രങ്ങള്‍ വരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിദ്യാഭ്യാസ ടൗണ്‍ഷിപ്പുകള്‍ കൂടുതല്‍ വിദ്യാര്‍ഥികളെയും ഒപ്പം നിക്ഷേപവും തൊഴില്‍സാധ്യതകളും കൂടി ആകര്‍ഷിക്കുമെന്നാണ് കണക്കു കൂട്ടല്‍. ആരോഗ്യം, നിയമം, സാങ്കേതിക- എന്‍ജിനീയറിങ് എന്നീ പ്രത്യേക പഠനമേഖലകള്ക്കുള്ള സര്‍വകലാശാലകള്‍ തുടങ്ങുന്നതിനും പ്രമുഖ സ്വകാര്യ സര്‍വകലാശാലകള്‍ താല്പര്യം അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം എറണാകുളം കോഴിക്കോട് ഇടുക്കി വയനാട് ജില്ലകളിലെ പലസ്ഥലങ്ങളും സ്വകാര്യ നിക്ഷേപകരുടെ പരിഗണനയിലുണ്ട്. സര്‍ക്കാര്‍ പച്ചക്കൊടികാട്ടിയാല്‍ തുടര്‍നടപടികള്‍ ഉടനുണ്ടാകും എന്നാണ് സൂചന.


