തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കമ്പനിയായ എക്സാലോജികിനെതിരായ എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി.കേന്ദ്ര സര്‍ക്കാരും എസ്എഫ്ഐഒ ഡയറക്ടറുമാണ് ഹര്‍ജിയിലെ എതിര്‍കക്ഷികള്‍. മനു പ്രഭാകര്‍ കുല്‍ക്കര്‍ണിയെന്ന അഭിഭാഷകന് മുഖേനയാണ് ഹര്‍ജി നല്‍കിയത്.
അന്വേഷണത്തില്‍ എക്സാലോജിക്കില്നിന്നു വിവരങ്ങള്‍ തേടുന്നതിനായി വീണാ വിജയനു നോട്ടീസ് നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സ്റ്റേ ആവശ്യപ്പെട്ടുള്ള എക്സാലോജിക്കിന്റെ ഹര്‍ജി.
വീണയ്ക്കെതിരായ മാസപ്പടി കേസില്‍, സിഎംആര്‍എല്ലില്‍ നിന്നും കെഎസ്ഐഡിസിയില്‍ നിന്നും ശേഖരിച്ച വിവരങ്ങളില്‍ എസ്എഫ്ഐഒ സംഘം പരിശോധന തുടരുകയാണ്. ഇതിനിടെയാണിപ്പോള്‍ അന്വേഷണത്തിനെതിരെ എക്സാലോജിക് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്.


