തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നുചേരും. ക്രൈസ്തവ മത മേലധ്യക്ഷന്മാര്ക്കെതിരായ മന്ത്രി സജി ചെറിയാന്റെ പ്രസംഗ വിവാദം യോഗം ചര്‍ച്ചചെയ്യും.
വിവാദം രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള പ്രതിപക്ഷപാര്‍ട്ടികളുടെ ശ്രമം തടയാനുള്ള നടപടികളും യോഗത്തില്‍ ചര്‍ച്ചയാകും.
ബിജെപി വിരുന്നിന് വിളിച്ചപ്പോള്‍ ചില ബിഷപ്പുമാര്‍ക്ക് രോമാഞ്ചം ഉണ്ടായെന്നും മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോള്‍ മണിപ്പുര്‍ വിഷയം മറന്നുവെന്നുമായിരുന്നു മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവന. പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കെസിബിസി അടക്കം രംഗത്തെത്തിയിരുന്നു.
പ്രസംഗത്തിലെ വാചകങ്ങളില്‍ ചില വീഴ്ചകളുണ്ടായെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഇതിനുപിന്നാലെയാണ് സജി ചെറിയാന് പരാമര്‍ശം പിന്‍വലിച്ചത്.
മോദിയുടെ തൃശൂര്‍ പ്രസംഗത്തെയും രാഷ്ട്രീയമായി നേരിടാനാണ് സിപിഎം തീരുമാനം. മണിപ്പുര്‍ പരാമര്‍ശിക്കാതെയുള്ള പ്രസംഗത്തെ തുറന്നുകാട്ടാനാണ് നീക്കം. മോദിയെ മുൻനിര്‍ത്തി തൃശൂരും കേരളവും പിടിക്കുക എന്നുള്ള ബിജെപി ലക്ഷ്യത്തെ തകര്‍ക്കുക എന്ന ഒരു അജണ്ട കൂടി ഇന്നത്തെ യോഗത്തിലുണ്ടാകും.


