പത്തനംതിട്ട: ചെന്നീര്‍ക്കരയില്‍ പഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്തേക്ക് പെരുമ്പാമ്പിനെ ചാക്കില്‍ കെട്ടി എറിഞ്ഞെന്ന് പരാതി.ആറാം വാര്‍ഡ് അംഗം ബിന്ദു ടി.ചാക്കോയുടെ വീട്ടിലാണ് പെരുമ്പാമ്പിനെ കൊണ്ടിട്ടത്.
കഴിഞ്ഞ ദിവസം രാത്രിയാണ് പ്രദേശത്തുനിന്നും ഒരു പെരുമ്പാമ്പിനെ ചില ചെറുപ്പക്കാര്‍ ചേര്‍ന്ന് പിടികൂടിയത്. പാമ്ബിനെ ചാക്കിലാക്കിയശേഷം ഇവര്‍ വനപാലകര്‍ എത്താന്‍ കാത്തിരുന്നു. അരമണിക്കൂറിനകം വനപാലകര്‍ വരുമെന്ന് പഞ്ചായത്തംഗം പറഞ്ഞെങ്കിലും 15 മിനിറ്റിനുള്ളില്‍ പാമ്പിനെ കൊണ്ടുപോകണമെന്ന് ചെറുപ്പക്കാര്‍ ശാഠ്യം പിടിച്ചു.
വനപാലകര്‍ എത്താന്‍ വീണ്ടും വൈകിയതോടെ പ്രതിഷേധത്തിന്റെ ഭാഗമായി പാമ്പിനെ ചാക്കോടുകൂടി പഞ്ചായത്തംഗത്തിന്റെ വീട്ടിലേക്ക് എറിയുകയായിരുന്നു. ഇവിടെയെത്തിയാണ് വനപാലകര്‍ പാമ്പിനെ കൊണ്ടുപോയത്.
കോണ്‍ഗ്രസ് പാര്‍ട്ടി അംഗമാണ് ബിന്ദു. തന്നോടുള്ള രാഷ്ട്രീയവിരോധം തീര്‍ക്കാന്‍ സിപിഎം പ്രവര്‍ത്തകരായ ചിലരാണ് പാമ്പിനെ വീട്ടില്‍ കൊണ്ടിട്ടതെന്നാണ് ഇവരുടെ ആരോപണം.


