തിരുവല്ല: നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാത്തതിനെത്തുടര്‍ന്ന് അറസ്റ്റിലായ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഉടമയേയും കുടുംബത്തേയും റിമാന്റ്ചെയ്തു. തിരുവല്ല ആസ്ഥാനമായുള്ള നെടുമ്പറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് ഉടമ കുറ്റപ്പുഴ നെടുമ്പറമ്പില്‍ എന്‍.എം. രാജു (64), ഭാര്യ ഗ്രേസ്, മക്കളായ അലന് ജോര്‍ജ്, അന്സന് ജോര്‍ജ് എന്നിവരാണ് അറസ്റ്റിലായത്. തിരുവല്ലയിലെ വീട്ടില്‍നിന്ന് ചൊവ്വാഴ്ച രാവിലെയായിരുന്നു അറസ്റ്റ്.
എന്‍.എം. രാജു കേരള കോണ്‍ഗ്രസ് (എം) മുന്‍ സംസ്ഥാന ട്രഷററും മുന്‍ പത്തനംതിട്ട ജില്ലാ പ്രസിഡന്റുമാണ്. നിക്ഷേപത്തട്ടിപ്പിന് തിരുവല്ല സ്റ്റേഷനില്‍ പന്ത്രണ്ടും പുളിക്കീഴ് സ്റ്റേഷനില്‍ നാലും കേസുകളുണ്ട്. ഈ കേസുകളില്‍ രണ്ട് കോടിയോളം രൂപ തിരിച്ചുകൊടുക്കാനുണ്ടെന്ന് ഡിവൈ.എസ്.പി. എസ്. അഷാദ് പറഞ്ഞു. കേരളത്തില്‍ പലയിടത്തായി 150 ശാഖകളുള്ള സ്ഥാപനമാണ് നെടുമ്പറമ്പില്‍. മറ്റ് പോലീസ് സ്റ്റേഷനുകളിലും നിക്ഷേപത്തട്ടിപ്പിന് പരാതി ലഭിച്ചുതുടങ്ങി.
പണം തിരികെ ആവശ്യപ്പെട്ട് നിക്ഷേപകര്‍ പലവട്ടം തിരുവല്ലയിലെ ഹെഡ് ഓഫീസിലും രാജുവിന്റെ വീട്ടിലും എത്തിയിരുന്നു. വിവിധ തീയതികളില്‍ പണം നല്‍കാമെന്ന ഉറപ്പ് നല്കി ഇവരെ രാജു മടക്കി. ധനകാര്യ സ്ഥാപനത്തിന്റെ സഹ പാര്‍ട്ണര്‍മാരാണ് കുടുംബാംഗങ്ങള്‍. ആദ്യഘട്ടത്തില്‍ പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയവര്‍ക്ക് മധ്യസ്ഥ ചര്‍ച്ചയിലൂടെ പണം തിരികെ നല്‍കിയിരുന്നു. പിന്നീട് കൂടുതല്‍ പേര് എത്തിയതോടെ പണം നല്‍കാനാകാത്ത സ്ഥിതിയായി. ധനകാര്യ സ്ഥാപനത്തിന് പുറമേ റിയല്‍ എസ്റ്റേറ്റ്, ടെക്സ്റ്റൈല്‍സ്, വാഹന ഡീലര്‍ഷിപ്പ് തുടങ്ങിയ മേഖലകളിലും എന്‍.എം. രാജു നിക്ഷേപം നടത്തിയിട്ടുണ്ട്.


