ഏഴു പേർക്ക് കൂടി സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിൽ ഇതുവരെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം 31 ആയി. ഇതിൽ 22 പേർ ആരോഗ്യ പ്രവർത്തകരാണെന്നതും ഗൗരവം വർദ്ധിപ്പിക്കുന്നു. എന്നാൽ ഇന്നലെ രോഗം സ്ഥിരീകരിച്ച കാരാക്കുറിശ്ശി വാഴേമ്പുറം സ്വദേശി, മുണ്ടൂർ സ്വദേശി എന്നിവരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇതിൽ മുണ്ടൂർ സ്വദേശി ആലത്തൂർ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന പോക്സോ കേസ് പ്രതിയാണ്. ഇയാൾക്ക് വൈദ്യ പരിശോധനക്കിടെ ജില്ലാ ആശുപത്രിയിൽ വെച്ച് രോഗം ബാധിച്ചിരിക്കാമെന്നാണ് സൂചന. ഇതോടെ തടവുകാരും, ജയിൽ ജീവനക്കാരും, പോലീസുകാരും നീരീക്ഷണത്തിൽ പോകേണ്ടി വരും.
അബുദാബിയിൽ നിന്ന് വന്ന പട്ടാമ്പി സ്വദേശി, സൗദിയിൽ നിന്നും വന്ന മുളയങ്കാവ് സ്വദേശി, ദുബായിൽ നിന്നെത്തിയ പട്ടാമ്പി ആനക്കര സ്വദേശി എന്നിവരാണ് ഇന്നലെ രോഗം സ്ഥിരീകരിച്ച മറ്റ് ആളുകൾ. ജില്ലയിൽ ചികിത്സയിൽ ഉള്ളവർ 172 പേരാണ്. അതേസമയം രോഗം സ്ഥിരീകരിച്ച ചികിത്സയിൽ ഉണ്ടായിരുന്ന 30 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയത് ജില്ലക്ക് ആശ്വാസമായി.


