മലപ്പുറം: മുസ്ലിം ലീഗിൻ്റെ രാജ്യസഭാ സീറ്റിലേയ്ക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിൻ്റെ പേര് നിർദ്ദേശിച്ച് കുഞ്ഞാലിക്കുട്ടി.
ഇതോടെ സ്ഥാനാർത്ഥി നിർണ്ണയത്തിനായി നാളെ ചേരുന്ന മുസ്ലിം ലീഗ് യോഗം നിർണായകമാകും. പൊന്നാനിയില്‍ യൂത്ത് ലീഗ് നേതാവ് ഫൈസല്‍ ബാബുവിനെ മത്സരിപ്പിച്ച് ഇ ടി മുഹമ്മദ് ബഷീറിനെ രാജ്യസഭയിലേയ്ക്ക് മത്സരിപ്പിക്കാനുള്ള ആലോചനയും നേതൃത്വത്തിന് മുന്നിലുണ്ട്. നിയമസഭയിലേയ്ക്ക് മത്സരിച്ചാല്‍ പരാജയപ്പെടുമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് പിഎംഎ സലാമിൻ്റെ പേര് രാജ്യസഭയിലേയ്ക്ക് കുഞ്ഞാലിക്കുട്ടി നിർദ്ദേശിച്ചതെന്നാണ് സൂചന.
സലാമിനോടുള്ള സമസ്തയുടെ വിരോധവും നിയമസഭയിലേയ്ക്കുള്ള സാധ്യതകള്‍ക്ക് തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരൂരങ്ങാടിയില്‍ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പ്രതിഷേധവുമായി സലാം രംഗത്ത് വന്നിരുന്നു. ഇതിനെ തുടർന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനം നല്കി സലാമിനെ അനുനയിപ്പിക്കുകയായിരുന്നു.
ഇതിനിടെ മലപ്പുറത്ത് മത്സരിക്കണമെന്ന ആവശ്യത്തില്‍ ഇ ടി മുഹമ്മദ് ബഷീർ സമ്മർദ്ദം ചെലുത്തുന്നതും മുസ്ലിം ലീഗിന് തലവേദനയാകും. ഇ ടി മുഹമ്മദ് ബഷീറിനെ രാജ്യസഭയിലേയ്ക്ക് അയക്കാനും പകരം യൂത്ത് ലീഗ് നേതാവ് ഫൈസല്‍ ബാബുവിനെ പൊന്നാനിയില്‍ മത്സരിപ്പിക്കാനുമുള്ള ചർച്ചകള്‍ മുസ്ലിം ലീഗില്‍ സജീവമായിരുന്നു. ഇതിനിടെയാണ് പൊന്നാനിയില്‍ നിന്നും മലപ്പുറത്തേയ്ക്ക് മാറാനുള്ള നീക്കം ഇ ടി മുഹമ്മദ് ബഷീർ ശക്തമാക്കിയിരിക്കുന്നത്. സ്വന്തം നാട്ടില്‍ നിന്ന് മത്സരിക്കണമെന്ന താല്‍പ്പര്യം പാർട്ടിയെ അറിയിച്ചിട്ടുണ്ട്. നാളത്തെ ലീഗ് യോഗത്തില്‍ ആവശ്യം വീണ്ടും ഉന്നയിക്കും.
നിയമസഭാ, ലോക്സഭ തിരഞ്ഞെടുപ്പുകളില്‍ 35 വർഷവും മത്സരിച്ചത് മറ്റു മണ്ഡലങ്ങളില്‍ നിന്നാണെന്നതാണ് ഇ ടി ചൂണ്ടിക്കാണിക്കുന്നത്. പൊന്നാനിയില്‍ സമുദായ വോട്ടുകള്‍ ഭിന്നിക്കുമോയെന്ന ആശങ്കയാണ് മണ്ഡലം മാറി മത്സരിക്കാൻ ഇ ടിയെ പ്രേരിപ്പിക്കുന്നത്. ഇ ടി മുഹമ്മദ് ബഷീർ മത്സരിക്കണമെന്ന് തീരുമാനിച്ചാല്‍ അതിന് വഴങ്ങിക്കൊടുക്കേണ്ടി വരും. മലപ്പുറം വേണമെന്ന് ഇ ടി മുഹമ്മദ് ബഷീർ നിർബന്ധം പിടിച്ചാല്‍ അടും അവഗണിക്കാൻ ലീഗ് നേതൃത്വത്തിന് സാധിക്കില്ല.