മലപ്പുറം: ഇന്ത്യയിലെ ഏറ്റവും മികച്ച ലോ കോളേജുകളിലേക്കുള്ള ഉപരിപഠനത്തിനായി ദേശീയ നിയമ സർവ്വകലാശാലകളുടെ കൺസോർഷ്യം നടത്തുന്ന കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (CLAT) എൻട്രൻസ് പരീക്ഷക്ക് സൗജന്യ പരിശീലനം ഒരുക്കി ജില്ലാ പഞ്ചായത്ത്. രണ്ട് വർഷം മുൻപ് മലപ്പുറം ജില്ലാ പഞ്ചായത്ത് ആരംഭിച്ച ‘വിങ്സ് മലപ്പുറം’ പദ്ധതിയുടെ ഭാഗമായാണ് ജില്ലയിലെ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് (CLAT) പരീക്ഷക്കുള്ള സൗജന്യ കോച്ചിങ്ങും സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ മൂന്ന് വർഷമായി കേന്ദ്ര സർവകലാശാലകളിലേക്കുള്ള സി.യു.ഇ.ടി പരീക്ഷക്കും ജില്ലയിലെ വിദ്യാർത്ഥികൾക്ക് പ്രത്യേക കോച്ചിങ് നൽകി അവരെ പരീക്ഷക്ക് പ്രാപ്തമാക്കുന്നതിനു വേണ്ടിയുള്ള മികച്ച പരിശീലനം ജില്ലാ പഞ്ചായത്ത് നൽകിയിരുന്നു. ഇതിലൂടെ കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ കേന്ദ്ര സർവകലാശാലകളിൽ പ്രവേശനം നേടിയ ജില്ലയെന്ന ഖ്യാതി നേടാൻ മലപ്പുറത്തിന് കഴിഞ്ഞു.
ഡിസംബർ മൂന്നിന് നടക്കുന്ന ഈ വർഷത്തെ CLAT പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് പത്തു ദിവസത്തെ ഓൺലൈൻ ക്രാഷ് കോച്ചിംഗും ഓൺലൈൻ മോക്ക് ടെസ്റ്റും നവംബർ 19 മുതൽ ആരംഭിക്കും.
ഇതിനായി ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ഓറിയന്റേഷൻ പരിപാടിയിൽ ജില്ലയിലെ എഴുന്നൂറോളം ഹയർ സെക്കന്ററി വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു.
ഇന്ത്യയിലെ തന്നെ മികച്ച നിയമ കലാലയങ്ങളിൽ അഡ്മിഷൻ നേടാനുതകുന്ന (CLAT) പരീക്ഷക്ക് സൗജന്യമായി കോച്ചിങ് നൽകുക വഴി സമൂഹത്തിലെ താഴെക്കിടയിലുള്ളവർക്ക് പോലും ഉന്നത നിലവാരമുള്ള നിയമ വിദ്യാഭ്യാസവും ബിരുദവും ലഭ്യമാക്കുക എന്നതാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നത്. പരമാവധി വിദ്യാർഥികൾ ഇത്തരം അവസരങ്ങൾ ഉപയോഗപ്പെടുത്തണമെന്നും പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ അതത് സ്കൂളിലെ കരിയർ ഗൈഡുമായി ബന്ധപ്പെടേണ്ടതാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ റഫീഖ അറിയിച്ചു.