കോഴിക്കോട്: പാളയം മാവേലി സ്റ്റോറില്‍ സ്റ്റോക്കുണ്ടായിരുന്ന സാധനങ്ങള്‍ ഉപയോഗ ശൂന്യമെന്ന ക്വാളിറ്റി കണ്‍ട്രോളറുടെ റിപ്പോര്‍ട്ട്. നാല് സാധനങ്ങള്‍ ഉപയോഗ ശൂന്യമെന്ന് കണ്ടെത്തി. പഞ്ചസാര, മുളക്, തുവര പരിപ്പ്, വന്‍പയര്‍ എന്നിവയാണ് വില്‍പ്പന യോഗ്യമല്ലെന്ന് കണ്ടെത്തിയത്.
ഏഴ് സാധനങ്ങള്‍ സ്റ്റോറില്‍ ഉണ്ടായിരുന്നിട്ടും ഇല്ലെന്ന് രേഖപ്പെടുത്തിയെന്നാണ് മന്ത്രി പറഞ്ഞത്. ഏഴില്‍ നാലെണ്ണമാണ് ഉപയോഗ ശൂന്യമെന്ന് ക്വാളിറ്റി കണ്ട്രോളര് കണ്ടെത്തിയത്. ബാക്കി 3 എണ്ണം ഇല്ല എന്ന് രേഖപ്പെടുത്തിയില്ല. ക്വാളിറ്റി കണ്‍ട്രോളറുടെ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഒന്‍പതാം തീയതി നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടാണ് ക്വാളിറ്റി കണ്ട്രോളര് കോടതിയില്‍ സമര്‍പ്പിച്ചത്.
പാളയം മാവേലി സ്റ്റോറില്‍ സാധനമില്ലെന്ന് പരസ്യപ്പെടുത്തിയതിന്റെ പേരില്‍ മാനേജറെ സപ്ലൈകോ സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോഴിക്കോട് പാളയം മാവേലി സ്റ്റോര്‍ മാനേജര്‍ കെ നിതിനാണ് ഹൈക്കോടതിയെ സമീപിച്ചത്. സ്റ്റോറില്‍ ചില സാധനങ്ങള്‍ ഇല്ല എന്ന് ബോര്‍ഡില്‍ എഴുതി പരസ്യപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഡിപ്പോയില്‍ പരിശോധന നടത്തിയപ്പോള്‍ ഇല്ല എന്ന് പറഞ്ഞ സാധനങ്ങള്‍ കണ്ടെത്തി. ഉളള സാധനങ്ങള്‍ ഇല്ല എന്ന് പറഞ്ഞുവെന്ന് സപ്ലൈകോയുടെ റീജ്യണല്‍ മാനേജര്‍ ഇറക്കിയ സസ്പെന്ഷന് ഉത്തരവില്‍ പറയുന്നു.
സപ്ലൈകോ മാനേജര്‍ പറയുന്നത്.
പൂപ്പല്‍ പിടിച്ച സാധനങ്ങളാണ് അന്വേഷണസംഘം അവിടെ കണ്ടെത്തിയതെന്നാണ് സപ്ലൈകോ മാനേജര്‍ പറയുന്നത്. കണ്ടെത്തിയ സാധനങ്ങള്‍ കുറഞ്ഞ അളവില്‍ മാത്രമേ ഉണ്ടായിരുന്നുളളു. സപ്ലൈകോയെ അപമാനിക്കുന്നതിന് വേണ്ടിയല്ല. ആളുകള്‍ക്ക് ഏതെല്ലാം സാധനം ഡിപ്പോയില്‍ ലഭിക്കുമെന്ന് അറിയാന്‍ വേണ്ടിയും ഇല്ലാത്ത സാധനം വാങ്ങാന്‍ ആളുകള്‍ വരി നില്‍ക്കേണ്ട സാഹചര്യം ഒഴിവാക്കാനുമാണ് ബോര്‍ഡ് വെച്ചതെന്നും മാനേജര്‍ വിശദമാക്കിയിരുന്നു. എന്നാല്‍ ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ സസ്പെന്ഷന് ഉത്തരവിറക്കുകയായിരുന്നു.