കോഴിക്കോട് : നിപ ആശങ്കയിൽ കൂടുതൽ ആശ്വാസം. പരിശോധനയ്ക്ക് അയച്ച 24 സാംപിളുകള്‍ കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മൂന്ന് സാംപിളുകളുടെ ഫലം കൂടി വരാനുണ്ട്. ഇതുവരെ 352 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സമ്പര്‍ക്കപ്പട്ടികയിലുള്ള 980 പേരാണ് ഐസലേഷനിലുള്ളത്. ചികിത്സയിലുള്ള ഒമ്പത് വയസുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു.
അതേസമയം സംസ്ഥാനത്ത് ഇന്നലെയും പുതിയ പോസിറ്റീവ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ ചികിത്സയിലുള്ള നാലു രോഗികളുടെയും നില തൃപ്തികരമാണ്. ആദ്യത്തെ രോഗിയുടെ ഹൈറിസ്ക് സമ്പർക്കത്തിൽപെട്ട 281 പേരുടെ ഐസലേഷൻ കാലാവധി കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. പട്ടികയിലുള്ളവർ നിർബന്ധമായും 21 ദിവസം ഐസലേഷൻ പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.


