കോഴിക്കോട് : നിപ ലക്ഷണങ്ങളോടെ കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെ ഫലം നെഗറ്റീവെന്ന് കണ്ടെത്തല്‍. കോഴിക്കോട് മെഡിക്കല്‍ കോളജിലെ വി ആര് ഡി എല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് നിപ ഇല്ലെന്ന് സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധന ഫലം നെഗറ്റീവ് ആയതിനാല്‍ ഇവരുടെ സാംപിളുകള്‍ പൂനെയിലേക്ക് അയക്കില്ല. നിപ ലക്ഷണങ്ങളോടെ ചികിത്സ തേടിയ മൂന്ന് പേരുടെ സാംപിളുകളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പരിശോധിച്ചത്.
അതേസമയം കോഴിക്കോട് നിപ കേസുകള്‍ സ്ഥിരീകരിച്ചതോടെ സംസ്ഥാനം അതീവ ജാഗ്രതയിലാണ്. നിപ പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്രത്തില്‍ നിന്നുള്ള ആരോഗ്യ വിദഗ്ദ്ധരുടെ സംഘങ്ങള്‍ ഇന്ന് കോഴിക്കോട് സന്ദര്‍ശിക്കും. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള മൊബൈല്‍ പരിശോധനാ സംഘവും ഐസിഎംആര്‍ സംഘവും കോഴിക്കോടെത്തും. പകര്‍ച്ചവ്യാധി പ്രതിരോധ വിദഗ്ദ്ധരടങ്ങുന്നതാണ് മൂന്നാമത്തെ സംഘം. ഈ സംഘം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കും.
അതേസമയം കോഴിക്കോട് നിപ സ്ഥീരീകരിച്ച സാഹചര്യത്തില്‍ ഏഴ് പഞ്ചായത്തുകളിലെ 43 വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണുകളാക്കി. മരുതോങ്കര, ആയഞ്ചേരി, തിരുവള്ളൂര്‍, കുറ്റ്യാടി, കായക്കൊടി, കാവിലും പാറ, വില്ല്യപ്പള്ളി പഞ്ചായത്തുകളിലെ ഭൂരിഭാഗം വാര്‍ഡുകളും കണ്ടൈന്‍മെന്റ് സോണുകളാക്കി പ്രഖ്യാപിച്ചു. ഇതിനു പുറമേ ജില്ലയില്‍ മാസ്ക് ധരിക്കുന്നതും നിര്‍ബന്ധമാക്കിയിട്ടുണ്ട്.
കണ്ടെയ്ന്മെന്റ് സോണുകള്‍
ആയഞ്ചേരി ഗ്രാമപഞ്ചായത്ത് – 1,2,3,4,5,12,13,14,15 വാര്‍ഡ് മുഴുവന്‍,
മരുതോങ്കര ഗ്രാമപഞ്ചായത്ത് – 1,2,3,4,5,12,13,14 വാര്‍ഡ് മുഴുവന്‍,
തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് – 1,2,20 വാര്‍ഡ് മുഴുവന്‍,
കുറ്റ്യാടി ഗ്രാമപഞ്ചായത്ത് – 3,4,5,6,7,8,9,10 വാര്‍ഡ് മുഴുവന്‍,
കായക്കൊടി ഗ്രാമപഞ്ചായത്ത് – 5,6,7,8,9 വാര്‍ഡ് മുഴുവന്‍,
വില്യപ്പളളി ഗ്രാമപഞ്ചായത്ത് – 6,7 വാര്‍ഡ് മുഴുവന്‍,
കാവിലും പാറ ഗ്രാമപഞ്ചായത്ത് – 2,10,11,12,13,14,15,16 വാര്‍ഡ് മുഴുവന്‍
കണ്ടെയ്ൻമെന്റ് സോണിലെ നിയന്ത്രണങ്ങൾ
- ഇവിടെ നിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര അനുവദിക്കില്ല
- അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറക്കും
- കടകൾ രാവിലെ 7 മുതൽ വൈകീട്ട് അഞ്ച് വരെ മാത്രമേ പ്രവർത്തിക്കൂ
- മരുന്ന് കടകൾക്കും ആരോഗ്യ കേന്ദ്രങ്ങൾക്കും സമയ നിയന്ത്രണമില്ല
- തദ്ദേശ സ്ഥാപനങ്ങളും വില്ലേജ് ഓഫീസുകളും മിനിമം ജീവനക്കാർ മാത്രം
- സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ ബാങ്കുകൾ, സ്കൂളുകൾ, അങ്കണവാടികൾ എന്നിവ തുറക്കില്ല
- തദ്ദേശ സ്ഥാപനങ്ങളിലും വില്ലേജ് ഓഫീസുകളിലും പരമാവധി ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കണം
- പൊതുപ്രവേശന റോഡുകളിലൂടെ വാഹന ഗതാഗതം നിരോധിക്കും. ബസ് സർവീസുകളും ഈ വാർഡുകളിൽ വാഹനം നിർത്തരുത്
- സാമൂഹിക അകലം പാലിക്കണം, മാസ്കും സാനിറ്റൈസറും നിർബന്ധമായും ഉപയോഗിക്കണം


