
ചെറുതോണി: ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിനുണ്ടായ വികസന മുന്നേറ്റം മുന്നോട്ട് കൊണ്ടുപോകാന്‍ പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി പിന്തുണയുള്ള എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അനുയോജ്യമായ സ്ഥലം കണ്ടെത്തി ചെറുവിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ കഴിയുന്ന എയര്‍സ്ട്രിപ്പ് മണ്ഡലത്തില്‍ കൊണ്ടുവരും. ഇതിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ കേന്ദ്ര ഗവണ്മെന്റുമായി തുടങ്ങി വെച്ചിട്ടുണ്ട്. തമിഴ്നാട് തേനിയില്‍ എത്തിനില്‍ക്കുന്ന മലയോര റെയില്‍വേ കൊങ്കണ്‍ മാതൃകയില്‍ കുമളി വഴി ശബരിമലയിലെത്തിക്കുന്നതിനുള്ള ചര്‍ച്ചകളും റെയില്‍വേ മന്ത്രാലയവുമായി നടത്തിയിട്ടുണ്ട്. സാധ്യത പഠനത്തിന് കഴിഞ്ഞ ബജറ്റില്‍ തുകയും അനുവദിച്ചിരുന്നു. കാലടി വരെയെത്തി നില്ക്കുന്ന അങ്കമാലി – ശബരി റെയില്‍പാതയ്ക്ക് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ പകുതി ചെലവ് ഏറ്റെടുക്കാന്‍ തയ്യാറായിരിക്കെ പദ്ധതിയുടെ പ്രവര്‍ത്തനം വേഗത്തില്‍ മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്.
ജനങ്ങള്‍ ഒരു തവണകൂടി അവസരം നല്കിയാല് മുന്‍ഗണന നല്കുന്ന പദ്ധതികളെക്കുറിച്ചാണ് സ്ഥാനാര്‍ത്ഥി വ്യക്തമാക്കിയത്. മലങ്കര – തൊടുപുഴ – മൂവാറ്റുപുഴ – വൈക്കം ജലപാതയും ഇന്‍ലാന്‍ഡ് ടൂറിസവും ആരംഭിക്കുന്നതിന് സാധിക്കും. കായനാടുള്ള ചെക്ക് ഡാമുകൂടി തുറന്നാല്‍ ഒരിക്കലും വറ്റാത്ത ഈ പുഴയിലൂടെ ഹൗസ് ബോട്ട് സര്‍വ്വീസും ആരംഭിക്കാന്‍ കഴിയും. പളനി ശബരിമല തീര്‍ത്ഥാടന ഹൈവേ നിര്‍മ്മാണം പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനോടൊപ്പം മണ്ഡലത്തിലെ 3 ദേശീയ പാതകളുടേയും രണ്ടാംഘട്ട വികസനം യാഥാര്‍ത്ഥ്യമാക്കേണ്ടതുണ്ട്. അടിമാലി – കുമളി ദേശീയപാത എന്‍എച്ച് 185 ന്റെ രണ്ടാംഘട്ട വികസനത്തിന്റെ സര്‍വ്വേ നടപടികള്‍ പുരോഗമിക്കുകയാണ്. ഡെല്‍ഹിയില്‍ നിന്നുള്ള കണ്‍സള്‍ട്ടന്‍സിയാണ് ഡിപിആര്‍ തയ്യാറാക്കുന്നത്. കൊച്ചി – ധനുഷ്ക്കോടി ദേശീയപാതയുടെ ഭാഗമായ മൂവാറ്റുപുഴ – കോതമംഗലം – മൂന്നാര്‍ പാത നാലുവരിയാക്കുന്നതിന് ഹൈവേ മന്ത്രാലയം ഇപ്പോള്‍തന്നെ തീരുമാനമെടുത്തിട്ടുണ്ട്. അതിന്റെ തുടര്‍ നടപടികള്‍ മുന്നോട്ടു കൊണ്ടുപോകുകയാണ് ലക്ഷ്യം. ചെറുതോണി പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതോടൊപ്പം ദേശീയപാതയിലുള്ള പെരുമറ്റം, നേര്യമംഗലം പാലങ്ങളും പുനര്‍നിര്‍മ്മിക്കും. കൂടുതല്‍ സിആര്‍എഫ് റോഡുകളും പിഎംജിഎസൈ്വ റോഡുകളും കൊണ്ടുവരുന്നതിനോടൊപ്പം ഐഐടിക്കും കാര്‍ഷിക കോളജിനുമായി പരിശ്രമങ്ങള്‍ നടത്തും.
ഇടുക്കി മെഡിക്കല്‍ കോളജ് അത്യാധുനീക റിസര്‍ച്ച് സെന്ററായി ഉയര്‍ത്തും. പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ, ദളിത് വിദ്യാര്‍ത്ഥികള്‍ക്കായി റെസിഡന്‍ഷ്യല്‍ കോളജിന് ശ്രമം നടത്തും. മൂവാറ്റുപുഴ, കോതമംഗലം ബൈപാസുകളും യാഥാര്‍ത്ഥ്യമാക്കുന്നതിന് മുന്‍ഗണന നല്‍കും. കഴിഞ്ഞ അഞ്ച് വര്‍ഷവും വിശ്രമം എന്തെന്ന് അറിയാതെ ഓരോ ഫയലുകള്‍ക്ക് പിന്നാലെ നിരന്തരം പിന്തുടര്ന്നതുകൊണ്ടാണ് 4750 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനായത്. തുടര്‍ന്നും ജനങ്ങളോടൊപ്പം നിന്ന് മറ്റ് മണ്ഡലങ്ങള്‍ക്കൊപ്പം നമ്മുടെ നാടിനെയും ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള വിശ്രമരഹിതമായ പ്രവര്‍ത്തനങ്ങളാണ് ജനങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നതെന്നും ജോയ്സ് ജോര്‍ജ് പറഞ്ഞു.


