ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി അര്‍ജുനെ വെറുതെ വിട്ടുകൊണ്ടുള്ള വിധിക്ക് പിന്നാലെ നാടകീയ രംഗങ്ങള്‍ക്കാണ് കട്ടപ്പന അതിവേഗ സ്പെഷല്‍ കോടതി സാക്ഷ്യംവഹിച്ചത്.
വിധി പ്രസ്താവം വന്നതിന് പിന്നാലെ പെണ്‍കുട്ടിയുടെ അമ്മയും കുടുംബാംഗങ്ങളും കോടതിയില്‍ പൊട്ടിക്കരഞ്ഞു. കോടതി വിധിക്കെതിരെയും ജഡ്ജിക്കെതിരെയും വൈകാരികമായ പ്രതികരണമാണ് കുടുംബാംഗങ്ങള്‍ നടത്തിയത്. കോടതിമുറിയില്‍ നിന്ന് നിലവിളിച്ച് ഇറങ്ങിവന്ന അമ്മ കോടതിവളപ്പില്‍ നിലത്തുകിടന്നുരുണ്ടു. പോലീസ് ഏറെ പണിപ്പെട്ടാണ് ഇവരെ സ്ഥലത്തുനിന്ന് നീക്കിയത്.
14 വര്‍ഷം കുഞ്ഞുങ്ങളില്ലാതെ ആറ്റുനോറ്റു കിട്ടിയ കുഞ്ഞിനെയാണ് അവൻ കൊന്നതെന്നും തങ്ങള്‍ക്ക് നീതി കിട്ടിയില്ലെന്നും കുട്ടിയുടെ അമ്മ പ്രതികരിച്ചു. നിങ്ങളുടെ കുഞ്ഞിനെ ഇതുപോലെ ചെയ്തിരുന്നെങ്കില്‍ നിങ്ങള്‍ വെറുതെയിരിക്കുമോ. അവനെ ഞങ്ങള്‍ വെറുതെ വിടില്ല. തന്റെ ഭര്‍ത്താവ് അവനെ കൊന്ന് ജയിലില്‍ പോകുമെന്നും പെണ്‍കുട്ടിയുടെ അമ്മ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രതികരിച്ചു. ജഡ്ജിയും ഒരു സ്ത്രീയല്ലേയെന്നും ഇങ്ങനെയാണോ ചെയ്യുന്നതെന്നും കുടുംബാംഗങ്ങള്‍ പ്രതികരിച്ചു.
കോടതിയില്‍ നിന്ന് പുറത്തിറങ്ങിയ പ്രതിക്കെതിരേയും നാട്ടുകാരുടെ രോഷപ്രകടനമുണ്ടായി. ആക്രോശിച്ചുകൊണ്ട് പാഞ്ഞടുത്ത ആളുകളില്‍ നിന്ന് പ്രതിയെ രക്ഷിച്ച് പോലീസ് വാഹനത്തില്‍ കോടതിക്കു പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു.
പ്രതിയുടെ മേല്‍ ചുമത്തിയ കൊലപാതകവും ബലാത്സംഗവും തെളിയിക്കാൻ കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി അര്‍ജുനെ വെറുതെവിട്ടത്.


