തൊടുപുഴ: തൊടുപുഴ കാരിക്കോട് ആയുര്‍വ്വേദ ആശുപത്രിയില്‍ വൈദ്യുത തടസ്സം പതിവാകുന്നു ടച്ചിംഗ് വെട്ടാത്തതിനാലാണ് വോള്‍ട്ടേജ് ക്ഷാമവും, വൈദ്യുത തടസ്സവുമുണ്ടാകുന്നതെന്നാണ് അക്ഷേപം.
ആയുര്‍വ്വേദ ആശുപത്രിയില്‍ ജലക്ഷാമം ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസും, കരിമണ്ണൂര്‍ ഡിവിഷന് മെമ്പര്‍ മനോജും ആശുപത്രിയിലെത്തി രോഗികളെ കണ്ട് വിവരങ്ങള്‍ തിരക്കി നടപടിയെടുക്കാന്‍ നല്കിയ നിര്‍ദേശത്തെ തുടര്‍ന്ന് ജില്ലാ പഞ്ചായത്തിലെ ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തി അധികൃതരുമായി ബന്ധപ്പെട്ട് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായി പുതിയ ടാങ്ക് സ്ഥാപിക്കുന്നതുവരെ മുനിസിപ്പാലിറ്റിയില്‍ നിന്നും ലഭിക്കുന്ന വെള്ളം ആശുപത്രി മുറ്റത്തുള്ള ടാങ്കുകളില്‍ സംഭരിച്ച് കെട്ടിടത്തിന്റെ മുകളിലുള്ള ചെറിയ ടാങ്കിലേക്ക് സമയാസമയം അടിക്കുവാന്‍ ആളെ ചുമതലപ്പെടുത്തിയിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പലപ്പോഴായി വൈദ്യുതിതടസ്സം ഉണ്ടായപ്പോള്‍ വെള്ളം അടിക്കുവാന്‍ സാധിക്കാതെ വരികയുണ്ടായി. മുകളില്‍ സ്ഥാപിച്ചിരിക്കുന്നത് ചെറിയ ടാങ്ക് ആയതിനാല്‍ വെള്ളത്തിന്റെ വിതരണവും പരുങ്ങലിലായി.ആശുപത്രിയുടെ അങ്കണത്തില്‍ ലക്ഷങ്ങള്‍ മുതല്‍ മുടക്കുള്ള ജനറേറ്റര്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തനക്ഷമമല്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.കഴിഞ്ഞ ദിവസം രാത്രി കറണ്ട് പോയ സമയത്ത് ജീവനക്കാരടക്കം മൊബൈല്‍ ഫോണ്‍ വെളിച്ചത്തിലാണ് രണ്ട് മണിക്കൂറോളം ചെലവഴിച്ചത്. ആശുപത്രിയുടെ സമീപത്തായി സ്ഥാപിച്ചിരിക്കുന്ന ട്രാന്‍സ്ഫോര്‍മറിലേക്ക് എത്തുന്ന 11 കെ.വി ലൈനിലും, പുറത്തേക്ക് പോകുന്ന എല്‍.ടി ലൈനിലും വള്ളിപ്പടര്‍പ്പുകളും, ചീമക്കൊന്നയടക്കമുള്ള മരച്ചില്ലകളും മുട്ടി നില്‍ക്കുന്നതിനാലാണ് വൈദ്യുത തടസ്സമുണ്ടാകുന്നതെന്നാണ് സമീപവാസികള്‍ പറയുന്നത്.
മാസങ്ങളായി വളര്‍ന്ന് ലൈനില്‍ മുട്ടി നില്ക്കുന്ന മരച്ചില്ലകളും വള്ളിപ്പടര്‍പ്പുകളും വെട്ടിമാറ്റി വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ വൈദ്യുത വകുപ്പ് അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും, ആശുപത്രി അധികൃതര്‍ ജനറേറ്റര്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ചികിത്സയില്‍ കഴിയുന്ന രോഗികള്‍ പറഞ്ഞു. ഇന്നലെ ഗ്യാസ് തീര്‍ന്നു പോയി എന്ന കാരണം പറഞ്ഞ് രോഗികള്‍ക്ക് ചൂടുവെള്ളം ചികിത്സ കഴിഞ്ഞ് നാല് മണിക്കൂര്‍ കഴിഞ്ഞിട്ടും വിതരണം ചെയ്യാത്തതിനാല്‍ രോഗികളും, ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി.
കുഴമ്പും, തൈലവും പുരട്ടിയിട്ട് ഒരു മണിക്കൂര്‍ കഴിഞ്ഞ് ചൂടുവെള്ളം വാങ്ങിയാണ് കുളിക്കേണ്ടത്.5 ലിറ്ററോളം ചൂടുവെള്ളത്തിന് 10 രൂപ ഗ്യാസിന്റെ വിലയിനത്തില്‍ നൂറോളം വരുന്ന രോഗികളില്‍ നിന്നും വാങ്ങുന്നുണ്ട്.കൂടാതെ മരുന്നിനങ്ങള്‍ പാകം ചെയ്യുന്നതിന് മുന്‍കൂട്ടി നിശ്ചിത ഫീസും ഈടാക്കുന്നുണ്ട് എന്നിട്ടും ഗ്യാസ് ഇല്ല എന്ന് പറയുന്നത് കലവറ ജീവനക്കാരുടെ ഉത്തരവാദിത്വക്കുറവാണെന്ന് പറഞ്ഞാണ് രോഗികള്‍ പ്രതികരിക്കുന്നത്. അതേ സമയം പഞ്ചകര്‍മ്മ ചികിത്സ നടത്തുന്ന കേന്ദ്രത്തിലെ 2 ഗ്യാസ് കുറ്റികളും ഒരേ സമയം തീര്ന്നതുകൊണ്ടാണ്, ഗ്യാസ് ദൗര്‍ലഭ്യം ഉണ്ടായതെന്നും നേഴ്സിംഗ് ജീവനക്കാര്‍ പറഞ്ഞു. ചികിത്സക്കുള്ള മരുന്നുള്‍പ്പെടെ മിക്ക മരുന്നുകളും രോഗികള്‍ പുറത്ത് നിന്ന് വില കൊടുത്തു വാങ്ങുന്ന ജില്ല ആയുര്‍വ്വേദ ആശുപത്രിയിലാണ് ഈ ദുരവസ്ഥ.


