കൊച്ചി: ജില്ലയിലെ ആദ്യ ഐഎസ്ഒ സര്ട്ടിഫിക്കേഷന് ലഭിക്കുന്ന ബ്ലോക്ക് പഞ്ചായത്തായി പള്ളുരുത്തി. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എം. സ്വരാജ് എംഎല്‍എ നിര്‍വഹിച്ചു. തീര്‍ത്തും ജീര്ണാവസ്ഥയില് ആയിരുന്ന ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം പരിമിതമായ ചെലവില്‍ കേടുപാടുകള്‍ തീര്‍ത്താണ് സര്ട്ടിഫിക്കേഷന് വേണ്ടി സജ്ജമാക്കിയത്. പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സമയത്ത് തന്നെ ബ്ലോക്ക് പഞ്ചായത്തിലെ പ്രവര്‍ത്തികള്‍ ക്രമമായി എഴുതി മാനുവല്‍ ഓഫ് ഡോക്യുമെന്റഡ് ഇന്‍ഫര്‍മേഷന്‍ തയ്യാറാക്കി വയ്ക്കുകയും ചെയ്തു.
പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദമായി ദിനപത്രം, ടെലിവിഷന്‍, ഇന്റര്‍നെറ്റ് സൗകര്യം, ഇരിപ്പിടം, കുടിവെള്ളം എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തി. സ്വസ്തിക് ഏജന്‍സിയാണ് ബ്ലോക്ക് പഞ്ചായത്തിന് വേണ്ടി മാര്‍ഗ നിര്‍ദ്ദേശിയായി പ്രവര്‍ത്തിച്ചിരുന്നത്. സര്ട്ടിഫിക്കേഷന് വേണ്ടി പ്രയത്നിച്ച എല്ലാ ഉദ്യോഗസ്ഥരെയും എംഎല്‍എ മൊമെന്റോ നല്കി ആദരിച്ചു.
പി.എം.എ.വൈ (ജി) പദ്ധതിയിലെ മേസ്തിരി പരിശീലനത്തിലൂടെ പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തില്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനം ഹൈബി ഈഡന് എം.പി നിര്‍വ്വഹിച്ചു. മേസ്തിരി പരിശീലകനേയും പരിശീലനാര്ത്ഥികളേയും ചടങ്ങില്‍ ആദരിക്കുകയും അവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് സജീവ് ആന്റണി ചടങ്ങിന് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാര്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് മാര്ട്ടിന് ആന്റണി, പി.എ.യു പ്രോജക്ട് ഡയറക്ടര്‍ കെ.ജി തിലകന്, എ.ഡി.സി (ജനറല്‍) എസ് ശ്യാമ ലക്ഷ്മി, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ ടി. വിജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.


