പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തില്‍ ഗുരുതര ക്രമക്കേട് സംഭവിച്ചിട്ടുണ്ടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. പ്രാഥമികഅന്വേഷണ റിപ്പോര്‍ട്ടിലാണ് ക്രമക്കേട് കണ്ടെത്തിയതായി പറയുന്നത്. ആസൂത്രണത്തില്‍ തുടങ്ങി ടാറിംഗ് വരെയുള്ള എല്ലാ ഘട്ടത്തിലും ഗുരുതര ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന വിദഗ്ദ്ധ സംഘത്തിന്റെ കണ്ടെത്തലിനെ ശരിവെയ്ക്കുന്നതാണ് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് എന്നാണ് സൂചന. വിഷയത്തില്‍ കേസെടുത്ത് അന്വേഷണം നടത്താനും വിജിലന്‍സ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. നിര്‍മ്മാണവസ്തുക്കളുടെ ഗുണനിലവാരം അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട്. അതേസമയം ജൂണ്‍ ആദ്യംതന്നെ പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കും
നിര്‍മ്മാണ സാമഗ്രികളുടെ തിരുവനന്തപുരം റീജിയണല്‍ ലാബിലെ പരിശോധനാ ഫലം ലഭ്യമായതോടെയാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണറിപ്പോര്‍ട്ട് തയാറാക്കിയത്. ഇത് പഠനവിധേയമാക്കി അഴിമതി നടന്നിട്ടുണ്ടോയെന്ന കാര്യം പരിശോധന വിധേയമാക്കിയാണ് അന്വേഷണറിപ്പോര്‍ട്ട് തയാറാക്കിയത്. റിപ്പോര്‍ട്ട് ഇന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറിയേക്കും.
അഴിമതി നടന്നതായി വ്യക്തമായാല്‍ കേസില്‍ പ്രതിചേര്ക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി തുടരന്വേഷണം ആരംഭിക്കും. അതേസമയം അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ജൂണ്‍ ആദ്യംതന്നെ പാലം ഗതാഗതത്തിനായി തുറന്ന് കൊടുക്കും. പുനര്‍നിര്‍മ്മാണം വിലയിരുത്താന്‍ മദ്രാസ് ഐഐടിയില്‍ നിന്നുള്ള വിദഗ്ധസംഘം കൊച്ചിയില്‍ ക്യാമ്ബ് ചെയ്യുന്നുണ്ട്. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പാലം തുറന്നുകൊടുക്കുക.