റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് മരണപ്പെട്ട കോളേജ് വിദ്യാര്‍ത്ഥിനി നമിതയ്ക്ക് ഇന്ന് ഇരുപതാം പിറന്നാള്‍. നമിത ഒപ്പമില്ലെന്ന് വിശ്വസിക്കാന്‍ കുടുംബത്തിന് ഇപ്പോഴും ആയിട്ടില്ല. ബികോം പഠനത്തിന് ശേഷം സിഎ പഠിക്കാനാണ് നമിത ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ഇന്ന്് മകളെ നഷ്ടപ്പെട്ട സങ്കടമാണ് വീട്ടില്‍ നിഴലിക്കുന്നത്.ആന്‍സണ്‍ ജോയ്ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
അതേസമയം പ്രതിയുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. നരഹത്യ ഉള്‍പ്പടെയുളള വകുപ്പുകള്‍ ചുമത്തിയാണ് ആന്‍സണെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. പല സ്റ്റേഷനുകളിലായി പത്തിലധികം കേസുകള്‍ പ്രതിക്കെതിരെ ഉണ്ട്. നിലവില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് ആന്‍സണ്‍.
അപകടം നടന്ന സമയത്ത് പ്രതി ലഹരി ഉപയോഗിച്ചിരുന്നോ എന്നതടക്കം കണ്ടുപിടിക്കാന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഒപ്പം ഇയാള്‍ക്കെതിരെ കാപ്പാ ചുമത്താനും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പ്രതി ഓടിച്ചിരുന്ന ബൈക്കിന് സാങ്കേതിക തകരാര്‍ ഇല്ലെന്നും മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അമിത വേഗത തന്നെയാണ് നമിതയുടെ ജീവനെടുത്തത് എന്ന് ഇതോടെ വ്യക്തമാവുകയായിരുന്നു.