കൊച്ചി: കുസാറ്റിൽ നാല് പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിലേക്ക് നയിച്ചത് മഴ പെയ്തപ്പോൾ ഉണ്ടായ തള്ളിക്കയറ്റമാണെന്ന് എഡിജിപി എംആർ അജിത് കുമാർ. കേസിൽ ലഭിച്ച പ്രാഥമിക വിവരം ഇതാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾ തീരുമാനിച്ച വിദ്യാർത്ഥികൾ തന്നെ വളണ്ടിയർമാരായി നടത്തിയ പരിപാടിയായിരുന്നു. ഗാനമേളയിലേക്ക് പ്രവേശനം നിയന്ത്രിച്ച് അടച്ച ഗേറ്റിലേക്ക് മഴ പെയ്തപ്പോൾ ആളുകൾ തള്ളിക്കയറിയതാണ് അപകടത്തിന് കാരണമെന്നും എഡിജിപി പറഞ്ഞു.
പുറകിൽ നിന്നുള്ള തള്ളിൽ മുന്നിലുണ്ടായിരുന്നവർ പടികളിലേക്ക് വീണു. ഇവരെ ചവിട്ടി പിന്നിലുണ്ടായവരും വീണു. വീണവർക്ക് ചവിട്ടേറ്റു. മുന്നിൽ ആളുകൾ വീണ് കിടപ്പുണ്ടെന്ന് പിന്നിലുണ്ടായിരുന്നവർ അറിഞ്ഞിരുന്നില്ല. ഫ്രീക്ക് ആക്സിഡന്റാണിത്. ഇങ്ങനെയൊന്ന് ഇവിടെ സംഭവിക്കേണ്ടതേ ആയിരുന്നില്ല. പ്രവേശനം നിയന്ത്രിക്കാൻ ഗേറ്റ് അടച്ചതാണ് പ്രശ്നമായത്. 1000 മുതൽ 1500 പേരെ വരെ ഉൾക്കൊള്ളാനാവുന്ന ഓഡിറ്റോറിയത്തിനകത്ത് മുഴുവനായും ആളുകൾ ഉണ്ടായിരുന്നില്ല. പരിപാടി നടക്കുന്ന വിവരം തങ്ങളെ അറിയിച്ചിരുന്നില്ലെന്ന് പറഞ്ഞ എഡിജിപി സംഭവം നടക്കുമ്പോൾ പൊലീസുകാർ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നും പറഞ്ഞു.


