കുട്ടംമ്പുഴ: എല്ലാവര്ക്കും ഒരു പോലെ ഓണം ആഘോഷിക്കാന്‍ കഴിയണമെന്നതാണ് സര്‍ക്കാര്‍ നയമെന്ന് ആന്റണി ജോണ്‍ എം.എല്‍.എ പറഞ്ഞു. വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും സംയുക്തമായി കുട്ടമ്പുഴ വെള്ളാരംകുത്തില്‍ സംഘടിപ്പിച്ച ഓണാഘോഷം പരിപാടിയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റുള്ളവരെ പോലെ ആദിവാസി സമൂഹത്തിനും ഓണം ആഘോഷിക്കാന്‍ അവസരം ഒരുക്കുന്നതിനായാണ് ഇത്തരത്തില്‍ പരിപാടി സംഘടിപ്പിച്ചത്. ഊര് നിവാസികളെ സംബന്ധിച്ച് ഏറെ സന്തോഷം പകരുന്ന കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഇത് പുതിയ അനുഭവമാണെന്നും ആദ്യമായാണ് ഈ പ്രദേശത്ത് വരുന്നതെന്നും ചടങ്ങില്‍ പങ്കെടുത്ത കെ.ജെ മാക്സി എം.എല്‍. എ പറഞ്ഞു. ഏവര്‍ക്കും ഓണാശംസകളും അദ്ദേഹം നേര്‍ന്നു. ഒരുമയുടെ ആഘോഷമാണ് ഓണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. വേര്‍തിരിവുകള്‍ ഇല്ലാതെ ഏവരും ഒരുപോലെ കൊണ്ടാടുന്നു എന്നതാണ് ഓണം എന്ന ആഘോഷത്തെ വ്യത്യസ്ഥമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏറെ സന്തോഷം നല്കുന്ന നിമിഷമാണ് ഇതെന്ന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ചടങ്ങില്‍ പറഞ്ഞു. കുട്ടമ്പുഴയിലെ ആദിവാസി സമൂഹത്തിന്റെ ക്ഷേമമുറപ്പാക്കാന്‍ ജനപ്രതിനിധികളും സര്‍ക്കാരും ജില്ലാ ഭരണകൂടവും പ്രത്യേക ശ്രദ്ധനല്‍കുന്നുണ്ട്. ആദിവാസി സമൂഹത്തിനൊപ്പമാണ് എല്ലാവരും എന്ന സന്ദേശം നല്‍കുന്നതിനായിക്കൂടിയാണ് കുട്ടമ്പുഴയില്‍ ഓണാഘോഷം സംഘടിപ്പിച്ചതെന്നും എല്ലാവര്ക്കും ഓണാശംസകള്‍ നേരുന്നു എന്നും കളക്ടര്‍ പറഞ്ഞു.
ഊര് നിവാസികളുടെ പാരമ്പരാഗത കലാരൂപമായ കുമ്മിയടി അവതരണത്തോടെയാണ് ആഘോഷപരിപാടികള്‍ തുടങ്ങിയത്. ചടങ്ങില്‍ അര്‍ഹരായ അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പാലിയേറ്റീവ് രോഗികള്‍ക്കും ഓണക്കോടികള്‍ വിതരണം ചെയ്തു. ആഘോഷ പരിപാടികളുടെ ഭാഗമായി ആന്റണി ജോണ്‍ എം.എല്‍.എയുടെയും ജില്ലാ കളക്ടറുടെയും നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രണ്ട് ടീമായി അണിനിരന്ന് സൗഹൃദ വടംവലി മത്സരം നടത്തി. ഓണ സദ്യയും ഒരുക്കിയിരുന്നു.
കുട്ടമ്പുഴ വെള്ളാരംകുത്ത് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യന്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.കെ ദാനി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.എ സിബി, മിനി മനോഹരന്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജെയിംസ് കോറബേല്‍, മീറ്റ് പ്രൊഡക്റ്റ്സ് ഓഫ് ഇന്ത്യ ചെയര്മാന് ഇ.കെ ശിവന്, ഡി.റ്റി.പി.സി സെക്രട്ടറി ശ്യാം കൃഷ്ണന്, താലൂക്ക് തഹസില്‍ദാര്‍ റേച്ചല്‍ കെ. വര്‍ഗീസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഡെയ്സി ജോയ്, രേഖ രാജു, എല്‍ദോസ് ബേബി, കെ.എസ് സനൂപ്, ഗോപി ബദറന്, മേരി കുര്യാക്കോസ്, ശ്രീജ ബിജു, ഷീല രാജീവ്, ആലീസ് സിബി, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി.രാജീവ്, ഊര് മൂപ്പത്തി സുകുമാരി സോമന്, ഊര് മൂപ്പന് പദ്മനാഭന് തുടങ്ങിയവര്‍ പങ്കെടുത്തു.