മൂവാറ്റുപുഴ : കൊച്ചി മധുര ദേശിയ പാതയിലെ എന്‍.എച്ച് 85 ലെ അറ്റകുറ്റ പണികള്‍ തുടങ്ങി. കക്കടാശേരിയില്‍ നിന്നാണ് പണി തുടങ്ങിയത്. ഇതിനായി എഴുപത്തിഅഞ്ച് ലക്ഷം രൂപ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച് എ ഐ ) നാഷണല്‍ ഹൈവേക്ക് കൈമാറിയതായി മാത്യു കുഴല്‍ നാടന്‍ എം എല്‍എ അറിയിച്ചു.
കക്കടാശ്ശേരി മുതല്‍ പെരുവംമുഴി വരെയുള്ള റോഡ് അറ്റകുറ്റ പണി നടത്താതെ യാത്ര ദുഷ്കരമായതോടെയാണ് അറ്റകുറ്റ പണി നടത്തണമെന്നാവശ്യപ്പെട്ട് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യക്ക് എംഎല്‍എ കത്ത് നല്‍കിയത്. റോഡിലെ വലിയ കുഴികള്‍ മൂലം അപകടങ്ങള്‍ നിത്യ സംഭവമായിരുന്നു. ഇതേ തുടര്‍ന്ന് അപകടവും മരണവും തുടര്‍കഥയായി മാറി. തുടര്‍ന്ന് എം എല്‍ എ നടത്തിയ നിരന്തര ഇടപെടലില്‍ പ്രൊജക്ട് ഡയറക്ടറുമായി സംസാരിച്ചാണ്
റോഡ് അറ്റകുറ്റ പണികള്‍ക്കായി പണം അനുവദിപ്പിച്ചത്. കുഴികള്‍ നികത്തി ബിസി പാച്ച് വര്‍ക്കാണ് നടത്തുക.