കൊച്ചി: തണല്‍ ഭവന പദ്ധതിയില്‍ കമലാക്ഷിയമ്മയ്ക്ക് കൂടൊരുങ്ങി. ചേരാനല്ലൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് ഗോഡൗണ്‍ റോഡിലെ പള്ളത്തു വീട്ടില്‍ കമലാക്ഷിയമ്മയും നാലു മക്കളും ഏറെ സന്തോഷത്തിലാണ്. ഇനി മുതല്‍ കെട്ടുറപ്പുള്ള വീട്ടില്‍ ഉറങ്ങാം. നിനച്ചിരിക്കാതെയെത്തിയ പ്രളയം തങ്ങളുടെ കിടപ്പാടവും സ്വപ്നങ്ങളും തകര്‍ത്തത് നോക്കി നില്ക്കാന് മാത്രമാണ് അവര്‍ക്ക് സാധിച്ചത്. 75 വയസുകാരിയായ കമലാക്ഷിയമ്മയും മാനസിക വൈകല്യങ്ങളുള്ള മൂന്നുപേരടക്കം നാലു മക്കളുമടങ്ങുന്നതാണ് കുടുംബം. പുഴക്കരയിലെ പഴക്കം ചെന്ന ഇവരുടെ വീട്ടില്‍ വെള്ളം കയറുക കൂടി ചെയ്തപ്പോള്‍ താമസം ദുരിതപൂര്‍ണ്ണമായി. മക്കള്‍ ലോട്ടറി വിറ്റ് ലഭിക്കുന്ന തുഛമായ തുകയും കമലാക്ഷിയുടെ വാര്‍ദ്ധക്യകാല പെന്‍ഷനുമാണ് കുടുംബത്തിന്റെ വരുമാനം.

തണല്‍ ഭവന പദ്ധതിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ആദ്യ വീടിന്റെ താക്കോല്‍ ഹൈബി ഈഡന് എം.എല്‍.എയും റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ മാധവ് ചന്ദ്രനും ചേര്‍ന്ന് കമലാക്ഷിക്ക് കൈമാറുന്നു.
കഴിഞ്ഞ സെപ്റ്റംബര്‍ 12നാണ് കമലാക്ഷിയമ്മയുടെ വീടിന്റെ നിര്‍മ്മാണം ആരംഭിച്ചത്. 69 ദിവസം എന്ന റെക്കോര്‍ഡ് വേഗതയിലാണ് 600 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. രണ്ട് അറ്റാച്ച്ഡ് ബെഡ് റൂമുകള്‍, അടുക്കള, ഡൈനിംഗ് ഹാള്‍, സിറ്റൗട്ട് എന്നിവയാണ് വീടിനുള്ളത്. പ്രളയ ദുരിതാശ്വാസമായി കോണ്‍ക്രീറ്റ് സ്ട്രക്ച്ചറില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ആദ്യത്തെ വീടാണെന്ന പ്രത്യേകതയുമുണ്ട്. പ്രളയം തകര്‍ത്ത ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്തിനെ പുനര്‍നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി ഹൈബി ഈഡന് എം.എല്‍.എ നടപ്പിലാക്കുന്ന ‘ചേരാം ചേരാനല്ലൂരിനൊപ്പം’ എന്ന ക്യാമ്പയിന്റെ ഭാഗമായാണ് തണല്‍ ഭവന പദ്ധതി ആരംഭിച്ചത്. റോട്ടറി ക്ലബ് ഓഫ് കൊച്ചിന് ഗ്ലോബല്‍ ആണ് വീടിന്റെ മുഖ്യ പ്രായോജകര്‍. പഞ്ചായത്തിന്റെ ഭവന പദ്ധതിയില്‍ നിന്നുള്ള രണ്ട് ലക്ഷം രൂപയ്ക്കു പുറമെ സുമനസ്സുകളുടെ സഹായവും ലഭിച്ചു. വാര്‍ഡ് മെമ്പര്‍ ഷിമ്മി ഫ്രാന്‍സിസാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത്.
പ്രഷര്‍ കുക്കര്‍, ബെഡ് ഷീറ്റുകള്‍, എമര്‍ജന്‍സി ലൈറ്റുകള്‍ തുടങ്ങിയവയുള്‍പ്പെടുന്ന ഷെല്‍ട്ടര്‍ ബോക്സും റോട്ടറി ക്ലബ് ഓഫ് കൊച്ചിന് ഗ്ലോബല്‍ ഭാരവാഹികള്‍ കമലാക്ഷിക്ക് കൈമാറി. ഹൈബി ഈഡന് എം.എല്‍.എയും റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ മാധവ് ചന്ദ്രനും ചേര്‍ന്ന് വീടിന്റെ താക്കോല്‍ കമലാക്ഷിക്ക് കൈമാറി. പുനര്‍ നിര്‍മ്മിക്കുന്ന വിവിധ വീടുകള്‍ക്ക് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന് നല്കുന്ന രണ്ടര ലക്ഷം രൂപയുടെ ചെക്കുകള്‍ ഹൈബി ഈഡന് എം.എല്‍.എ കൈമാറി.
ചടങ്ങില്‍ ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്. ആന്റണി, ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണി ചീക്കു, വൈസ് പ്രസിഡന്റ് സി.കെ. രാജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോണ്സണ് മാളിയേക്കല്‍, വാര്‍ഡ് മെമ്പര്‍ ഷിമ്മി ഫ്രാന്‍സിസ്, റോട്ടറി ക്ലബ് ഓഫ് കൊച്ചിന് ഗ്ലോബല്‍ ഭാരവാഹികളായ അഡ്വ.പിയൂസ് എ കോട്ടം, ഡോ.തോമസ് മാത്യു, ഇ.പി ജോര്‍ജ്, ആശ സുനി , ചിറ്റിലപ്പിള്ളി ഫൗണ്ടേഷന് മാനേജര്‍ ബെന്‍ ജിലി താടിക്കാരന് തുടങ്ങിയവര്‍ പങ്കെടുത്തു.


