കൊച്ചി: വിവിധ മേഖലകളില്‍ കേരളം പുലര്‍ത്തുന്ന വികസനമാതൃകകള്‍ തുടരുകതന്നെചെയ്യുമെന്ന് തദ്ദേശസ്വയംഭരണവകുപ്പുമന്ത്രി എ.സി.മൊയ്തീന് പരഞ്ഞു. സംസ്ഥാനസര്‍ക്കാരിന്റെ ആയിരംദിനാഘോഷം എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂപരിഷ്കരണം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ തുടങ്ങി സാമൂഹിക- സാമ്പത്തിക- സാംസ്കാരിക മേഖലകളില്‍ കേരളം രാജ്യത്ത് മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. പുതിയ സാങ്കേതികമേഖലകള്‍, കൃഷി, ഉല്‍പ്പാദന മേഖലകളും വികസിപ്പിക്കും. ഇതുവഴി ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് നവകേരളനിര്മാണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മത്സ്യ- കയര്‍- കശുവണ്ടി തൊഴിലാളികളെ സംരക്ഷിക്കാനുള്ള നടപടികള്‍ കൈക്കൊള്ളും. പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ ആ പാതയിലാണ്. നിരവധി വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ പാലിച്ചുകഴിഞ്ഞു. ശേഷിക്കുന്നവയും പൂര്‍ത്തിയാക്കും.
ഓഖി, നിപ ബാധ, പ്രളയം തുടങ്ങിയ ദുരന്തങ്ങളെയും സര്‍ക്കാര്‍ നേരിട്ടു. പൊതുജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയുമെല്ലാം സഹകരണം ഇവയെ ഫലപ്രദമായി ചെറുക്കാന്‍ സര്‍ക്കാരിനെ സഹായിച്ചു. അതുവഴി കേരളത്തിന്റെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് മോഡല്‍ ലോകത്തിനുതന്നെ മാതൃകയായി. പ്രളയത്തിനുശേഷം പകര്‍ച്ചവ്യാധികള്‍ പടരാതെ സംരക്ഷിച്ചതിന് ആരോഗ്യവകുപ്പിനെയും സഹകരിച്ച മറ്റു വകുപ്പുകളെയും അദ്ദേഹം അഭിനന്ദിച്ചു. പ്രളയദുരിതാശ്വാസത്തിന്റെ ഭാഗമായി കുടുംബശ്രീവഴി വിതരണം ചെയ്യുന്ന റിസര്‍ജന്റ് കേരള വായ്പാ പദ്ധതിയില്‍ എറണാകുളം ജില്ലയില്‍ മാത്രം 322 കോടി രൂപ നല്‍കിക്കഴിഞ്ഞു. സാമ്പത്തിക കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നിഷേധാത്മക നിലപാടാണ് പുലര്‍ത്തുന്നത്. ലക്ഷ്യം വെച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കി സര്‍ക്കാര്‍ ഇത്തരം പ്രതിസന്ധികള്‍ അതിജീവിക്കും.
ജില്ലയില്‍ പെട്രോ കെമിക്കല്‍ പാര്‍ക്ക് നിര്‍മാണം, ദേശീയപാത വികസനം, എല്‍എന്‍ജി പൈപ്പ് ലൈന്‍ സ്ഥാപനം തുടങ്ങിയ നടപടികള്‍ വിജയകരമായി മുന്നോട്ടു പോകുന്നുണ്ട്. എ.ടി.സംരംഭങ്ങള്‍ വന്‍തോതില്‍ കേരളത്തിലേക്കു വരുന്നുണ്ട്.
കേരളത്തിന്റെ മതനിരപേക്ഷ- നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തുന്ന പ്രദര്‍ശന- വിപണനമേള ‘സഹസ്രം 2019’ന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു. എസ്.ശര്‍മ എംഎല്‍എ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ എം.സ്വരാജ്, ജോണ്‍ ഫെര്‍ണാണ്ടസ്, ആന്റണി ജോണ്‍, കെ.ജെ.മാക്സി, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്, ജിസിഡിഎ ചെയര്മാന് വി.സലീം, എന്‍.സി.പി. ജില്ലാ പ്രസിഡന്റ് ജയന് പുത്തന്‍പുരയ്ക്കല്‍, കേരള കോണ്‍ഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് അനില്‍ ജോസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വ്യാഴാഴ്ച രാവിലെ 10 മുതല്‍ ഒരു മണി വരെ മാലിന്യസംസ്കരണത്തിലെ അനുകരണീയ മാതൃകകള്‍ – ശുചിത്വ മികവുകള്‍ എന്ന വിഷയത്തെക്കുറിച്ചും ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചുവരെ ജലമാണ് ജീവന് എന്ന വിഷയത്തെക്കുറിച്ചും സെമിനാര്‍ നടക്കും. എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ പ്രദര്‍ശന- വിപണന മേളകളും രാജേന്ദ്ര മൈതാനിയില്‍ കഫേ കുടുംബശ്രീയുടെ ഭക്ഷ്യമേളയും ഉണ്ടായിരിക്കും. രാവിലെ 11 മുതല്‍ രാത്രി എട്ടു മണിവരെയാണ് സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുക. എല്ലാ ദിവസവും വൈകീട്ട് ആറു മുതല്‍ വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കും. മേള 27ന് സമാപിക്കും.


