മൂവാറ്റുപുഴ: വെള്ളപൊക്കത്തിന്റെ മറവില്‍ മൂവാറ്റുപുഴ കാവുങ്കര കെഎസ്ഇബി ഓഫീസ് സ്വകാര്യകെട്ടിടത്തിലേക്ക് മാറ്റാന്‍ നീക്കം. സര്‍ക്കാര്‍ അനുമതി ചൂണ്ടികാട്ടിയാണ് ചില ജീവനക്കാര്‍ ഓഫീസ് മാറ്റത്തിനായി ഒരുങ്ങിയിറങ്ങിയിരിക്കുന്നത്. വര്ഷത്തിലെത്തുന്ന വെള്ളപൊക്കത്തില്‍ നിലവില്‍ 2 നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിലെ ഫയലുകളും സാമഗ്രീകളും നശിക്കുന്നു എന്നാണ് ഉദ്യോഗസ്ഥ ഭാഷ്യം.
രണ്ടുനില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിന് നിലവില്‍ വാടക 7,500രൂപ മാത്രമാണ് നല്കി വരുന്നത്. ഓഫീസ് അപ്പാടെ സ്വകാര്യകെട്ടിടത്തിലേക്ക് മാറ്റാനുള്ള നീക്കത്തിന് പിന്നില്‍ ചില ജീവനക്കാരാണ്. ഈ സംഘം നഗരത്തിലെ ചിലകെട്ടിട ഉടമകളുമായി ധാരണയിലെത്തിയതായാണ് വിവരം. 30,000രൂപ മാസവാടകയിലാണ് പുതിയ ഓഫീസ് മാറ്റാത്തിന് ശ്രമിക്കുന്നത്. നഗരസഭയുടെ വക ഷോപ്പിംഗ് കോംപ്ലക്സുകളിലും ഫയര്സ്റ്റേഷന് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലും ആവശ്യത്തിന് മുറികളുണ്ടെന്നിരിക്കെയാണ് 30,000രൂപയുടെ ഓഫിസെടുക്കലിന് ഉദ്യോഗസ്ഥരുടെ ശ്രമം. അതേസമയം വെള്ളപൊക്കത്തില്‍ നാശനഷ്ടങ്ങള്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ ഓഫീസ് മാറാന്‍ നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് എഇ അറിയിച്ചു.