ആലുവ: ആലുവയില്‍ ക്രൂര മര്‍ദ്ദനമേറ്റ ഇതരസംസ്ഥാന തൊഴിലാളികളുടെ കുഞ്ഞിന്റെ നില അതീവ ഗുരുതരം. അമ്മയ്ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കുട്ടിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായെങ്കിലും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുഞ്ഞിന്റെ അമ്മയ്ക്കെതിരെ വധശ്രമത്തിന് കേസെടുത്തത്. കുട്ടിയുടെ തലയോട്ടിക്കും തലച്ചോറിനും പരുക്കുണ്ട്.

തലയ്ക്ക് പരിക്കേറ്റ നിലയില്‍ ബുധനാഴ്ചയാണ് 3 വയസ്സുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കെട്ടിടത്തില്‍ നിന്ന് വീണതാണെന്നാണ് മാതാപിതാക്കള്‍ പറഞ്ഞത്. എന്നാല്‍ തലയുടെ പരിക്കിന് പുറമേ കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളും ശ്രദ്ധയില്‍പെട്ട ആശുപത്രി അധികൃതര്‍ പോലീസിലും ചൈല്‍ഡ് ലൈനിലും വിവരമറിയിക്കുകയായിരുന്നു.
ഏലൂര്‍ പഴയ ആനവാതിലിനു സമീപം വാടകയ്ക്കു താമസിക്കുന്ന ബംഗാള്‍ സ്വദേശികളായ ദമ്പതികളുടെ മകനെയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിലാക്കിയത്. കുഞ്ഞിനെ ആശുപത്രിയില്‍ നിന്ന് മാറ്റണമെന്ന് മാതാപിതാക്കള്‍ പറഞ്ഞെങ്കിലും ആശുപത്രി അധികൃതര്‍ തയ്യാറായില്ല. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ആശുപത്രിയിലെത്തിയിരുന്നു.


