കോട്ടയം: അധികാരതര്‍ക്കം മൂത്ത ജേക്കബ്ബ് ഗ്രൂപ്പില്‍ പിളര്പ്പുറപ്പായി, 21ന് അനൂപ് ജേക്കബും ജോണിനെല്ലൂരും പിരിയും. ഇരുവരും കോട്ടയത്ത് പ്രത്യേകം പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തു. ഇരുപക്ഷവും ഇവിടെ നിലപാടുകള്‍ വ്യക്തമാക്കും. അനൂപിന്റെ യോഗം സംസ്ഥാന കമ്മിറ്റി ഓഫീസിലും ജോണി നെല്ലൂര്‍ പക്ഷയോഗം പബ്ലിക് ലൈബ്രറി ഹാളിലുമാണ് നടക്കുക.
കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷവുമായി ലയനനീക്കം തുടങ്ങിവച്ച അനൂപ് ജേക്കബ്ബ് ഇടക്ക് പിന്മാറിയതോടെയാണ് പാര്‍ട്ടിയില്‍ കലാപം തുടങ്ങിയത്. 15ന് അനൂപ് വിളിച്ച ഉന്നതാധികാര സമിതി യോഗം ജോസഫ് വിഭാഗവുമായി ലയിക്കേണ്ടെന്ന് തീരുമാനിച്ചു. ഇതോടെ ലയനനീക്കം തര്‍ക്കത്തിലേക്ക് നീങ്ങുകയായിരുന്നു.ജോണിനെല്ലൂര്‍ പാര്‍ട്ടി പിളര്‍ത്താന്‍ ശ്രമിക്കുകയാണെന്നായിരുന്നു യോഗത്തിന്റെ വിലയിരുത്തല്‍.
ജോണി നെല്ലൂര്‍ പക്ഷയോഗം പബ്ലിക് ലൈബ്രറി ഹാളില്‍ ചേര്‍ന്ന് ലയന നിര്‍ദ്ദേശം അംഗീകരിക്കുന്നതോടെ 1993ല്‍ നാല് എംഎല്‍എമാരുമായി മാണി ഗ്രൂപ്പ് പിളര്‍ത്തി ജേക്കബ്ബും ജോണിയും ചേര്‍ന്ന് രൂപീകരിച്ച കേരള കോണ്‍ഗ്രസും മറ്റൊരുപിളര്പ്പിലേക്ക് എത്തും. ഇരുപക്ഷത്തും നിലയുറപ്പിച്ചവരെ വെട്ടിനിരത്തലും കൂട്ടിചേര്‍ക്കലും തുടങ്ങി. പാര്‍ട്ടി ശക്തി കേന്ദ്രമായ എറണാകുളം ജില്ലയില്‍ ജില്ലാപ്രസിഡന്റ് ് വിന്‍സന്റ് ജോസഫിനെ അനൂപ് നീക്കി. പകരം സംസ്ഥാന സെക്രട്ടറി രാജുപാണാലിക്കലിനെ നിയമിച്ചു. എന്നാല്‍ അനൂപ് നീക്കിയ പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ ഇന്ന് മൂന്നിന് മൂവാറ്റുപുഴയില്‍ നടക്കുന്ന ജില്ലാ കണ്വന്ഷന് ചെയര്മാന് ജോണിനെല്ലൂര്‍ തന്നെ ഉദ്ഘാടനം ചെയ്ത് അനൂപ് അനുകൂലികള്‍ക്ക് തിരിച്ചടി നല്‍കും.
അതിനിടെ ‘ അനൂപ് അനുകൂലികളുടെ യോഗങ്ങള്‍ ഗ്രൂപ്പ് യോഗങ്ങള്‍ മാത്രമാണെന്നാണ് ജോണി അനുകൂലികളുടെ ആക്ഷേപം. നോട്ടീസ് നല്‍കേണ്ട ചെയര്‍മാനും ഓഫീസ് ചുമതലയുള്ള സെക്രട്ടറിയും ഒപ്പമില്ലാത്തതിനാല്‍ 21ന് സംസ്ഥാന കമ്മിറ്റിപോലും വിളിക്കാന്‍ അനൂപിന് നിയമപരമായി കഴിയില്ലന്നും അവര്‍ പറയുന്നു.
21ലെ നിര്‍ണ്ണായക യോഗങ്ങളില്‍ ഇരുപക്ഷവും നേതാക്കളെ പുറത്താക്കും. ലീഡറായ അനൂപ് പാര്‍ട്ടി ചെയര്‍മാനുമാകും. ജോണിനെല്ലൂര്‍ ചെയര്‍മാനായ വിഭാഗം ജോസഫ് ഗ്രൂപ്പില്‍ ലൈക്കാന്‍ തീരുമാനമെടുക്കും ഇതിനായി ചെയര്‍മാനെ ചുമതലപ്പെടുത്തും.