നെടുമ്പാശ്ശേരി: കുന്നുകര ഗ്രാമപഞ്ചായത്തിലെ പ്രളയാനന്തര അതിജീവന പ്രവർത്തനങ്ങളുടെ ഭാഗമായി അറ്റകുറ്റപണികൾ പൂർത്തീകരിച്ച 16 വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറി. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്ത് നിരങ്കാരി ചാരിറ്റബിൾ ഫൗണ്ടേഷന്റെ സന്നദ്ധ പ്രവർത്തകരാണ് 10 ദിവസം കൊണ്ട് 16 വീടുകളുടെ അറ്റകുറ്റപണികൾ പൂർത്തീകരിച്ചത്. ഓരോ വാർഡുകൾ കേന്ദ്രീകരിച്ചാണ് ഫൗണ്ടേഷന്റെ പ്രവർത്തനം.
പഞ്ചായത്തിലെ 12 ആം വാർഡിലായിരുന്നു ആദ്യ ഘട്ട പ്രവർത്തനം.തുടർന്ന് ഒന്ന്, പതിനഞ്ച് വാർഡുകളിലെ വീടുകളുടെ അറ്റകുറ്റപണികൾ ആരംഭിച്ചു. പ്ലംബിംഗ്, വയറിംഗ്, കൽപ്പണി, തേപ്പ് തുടങ്ങിയ മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളുടെയും സാമ്പത്തിക ബാധ്യത സന്ത് നിരങ്കാരി ഫൗണ്ടേഷൻ തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത്. ഫൗണ്ടേഷന്റ നേതൃത്വത്തിൽ കുന്നുകര പഞ്ചായത്തിലെ പ്രളയത്തിൽ ഭാഗീകമായി തകർന്ന 200 വീടുകൾ 30,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ചിലവ് ചെയ്ത് പണി പൂർത്തീകരിച്ച് നൽകാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതിനായി 1.50 കോടി രൂപയോളം ചിലവ് ചെയ്യും.
ആദ്യഘട്ടത്തിൽ പൂർത്തിയായ വീടുകളുടെ കൈമാറ്റം പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ നിർവ്വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫ്രാൻസിസ് തറയിൽ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് സീന സന്തോഷ്,ബ്ലോക്ക് പഞ്ചായത്തംഗം രഞ്ജിനി അംബുജാക്ഷൻ, ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.യു.ജബ്ബാർ,സന്ത് നിരങ്കാരി ഫൗണ്ടേഷൻ ഭാരവാഹികളായ ദിലീപ്.ജി, യമുന മാതാജി, സുരേന്ദർ കുമാർ തുടങ്ങിയവർ സംസാരിച്ചു.