പെരുമ്പാവൂര്‍ : എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ , അങ്കമാലി നിയോജകമണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കാലടി സമാന്തര പാലത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. റോജി എം. ജോണ്‍ എം എല്‍ എ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പെരുമ്പാവൂര്‍ എം എല്‍ എ എല്‍ദോസ് പി കുന്നപ്പിള്ളി ആമുഖ പ്രഭാഷണവും ബെന്നി ബഹന്നാന് എം.പി. മുഖ്യപ്രഭാഷണവും നടത്തി.
എറണാകുളം ജില്ലയില്‍ പെരുമ്പാവൂര്‍ അങ്കമാലി നിയോജകമണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട സംസ്ഥാന പാതയായ എം.സി റോഡില്‍, കാലടി ഭാഗത്ത് പെരിയാറിനു കുറുകെയാണ് നിലവിലുളള ശ്രീശങ്കരാചാര്യാ പാലം സ്ഥിതി ചെയ്യുന്നത്. 1963 ല്‍ നിര്‍മ്മിച്ച പാലത്തിന് ബെയറിങ്ങിന് തകരാര്‍ സംഭവിച്ചിട്ടുളളതു കൊണ്ട് പാലത്തിന്റെ കാലടി ഭാഗത്തെ വെയറിംഗ്കോട്ടിന് ഇളക്കം സംഭവിക്കുകയും കുഴികള്‍ രൂപപ്പെടുകയും ഗതാഗത സ്തംഭനത്തിന് കാരണമാവുകയും ചെയ്തു. നിലവിലുള്ള പാലത്തിന്റെ കാലപ്പഴക്കം കണക്കിലെടുത്ത് ഈ പാലത്തിന് സമാന്തരമായി പുതിയ പാലം നിര്‍മ്മിക്കുന്നതിനായി 2012 ല്‍ 42 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിക്കുകയുണ്ടായി. തുടര്‍ന്ന് നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ പ്രാരംഭ നടപടിയായ ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തികള്‍ 2012 ല്‍ നടപ്പിലാക്കുകയും അലൈന്മെന്റ് സ്കെച്ച് തയ്യാറാക്കുകയും ചെയ്തു. എന്നാല്‍ ബൈപാസ് ഉള്‍പ്പെടെ പാലം നിര്‍മ്മിക്കണമെന്ന് അന്നത്തെ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുടെ ആവശ്യത്തിനെ തുടര്‍ന്ന് സമാന്തര പാലം സംബന്ധിച്ച പ്രാരംഭ നടപടികള്‍ നിര്‍ത്തി വച്ചു.
2021 ജൂണ്‍ മാസത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ മുഹമ്മദ് റിയാസ് അവര്‍കള്‍ കാലടി പാലം സന്ദര്ശിച്ചതിനോടനുബന്ധിച്ചു പുതിയ പാലം നിര്‍മിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിനായി മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ വ്യവസായ വകുപ്പ് മന്ത്രിയുടെയും പെരുമ്പാവൂര്‍ എം എല്‍ എ എല്‍ദോസ് കുന്നപ്പിള്ളി, അങ്കമാലി എം എല്‍ എ റോജി എം ജോണ്‍, ആലുവ എം എല്‍ എ അന്‍വര്‍ സദത്ത് എംഎല്‍എ ടെയും സാന്നിധ്യത്തില്‍ യോഗം തിരുവനന്തപുരത്ത് ചേരുകയും, നിലവിലുള്ള പാലം അപകടാവസ്ഥയിലാകാനുള്ള സാഹചര്യം പരിഗണിച്ചുകൊണ്ട് നിലവിലുള്ള ഭരണാനുമതി ഉപയോഗപ്പെടുത്തി സമാന്തരപാലം നിര്‍മ്മിക്കുന്നതിനു തീരുമാനിക്കുകയും ചെയ്തു.
നിലവിലുള്ള പാലത്തിന് 5 മീറ്റര്‍ സമാന്തരമായി നിര്‍മ്മിക്കപ്പെടുന്ന പുതിയ പാലത്തിന്റെ നിര്‍മ്മാണത്തിനായി 4166 ലക്ഷം രൂപയുടെ സാങ്കേതികാനുമതി ലഭിച്ചു. തുടര്‍ന്ന് ടി പ്രവൃത്തിക്കായി ദര്‍ഘാസ് ക്ഷണിച്ചതില്‍ സമര്പ്പിക്കപ്പെട്ടത്തില് ഏറ്റവും കുറവ് തുക ക്വാട്ട് ചെയ്ത അക്ഷയ ബില്ഡേസുമായി 24 മാസത്തെ പൂര്‍ത്തീകരണ കാലാവധിയോടു കൂടി തീയതിയില്‍ കരാര്‍ ഉടമ്പടി ഒപ്പു വയ്ക്കുകയും തുടര്‍ന്ന് സ്ഥലം കൈ മാറി നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുകയും ചെയ്തു. പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തുക 31,30,26,224/- രൂപയും കരാര്‍ തുക 33,92,40,483/- രൂപയുമാണ്.
പെരിയാറിനു കുറുകെ 455.40 മീറ്റര്‍ നീളത്തില്‍ വരുന്ന പുതിയ പാലത്തിന് 30. 50 മീറ്റര്‍ നീളത്തിലുള്ള 12 സ്പാനുകളും 13:45 മീറ്റര്‍ നീളത്തിലുള്ള 2 സ്പാനുകളും 12.50 മീറ്റര്‍ നീളത്തിലുള്ള 5 സ്പാനുകളും ഉള്‍പ്പെട്ടിരിക്കുന്നത്. 10.50 മീറ്റര്‍ ക്യാരേജ് വേയും ഇരുവശങ്ങളിലും 1.50 മ ആണ് വീതിയില്‍ നടപ്പാതയും ഉള്‍പ്പെടെ 1400 മീ. ആണ് പാലത്തിന്റെ ആകെ വീതി. 1.20 പാലത്തിന്റെത്. 01 വ്യാസത്തിലുള്ള പൈല് ഫൗണ്ടേഷന് ആണ് പാലത്തിനു കേടുപാടുകള്‍ സംഭവിക്കാതിരിക്കുന്നതിനു വേണ്ടി ഹൈഡ്രോളിക് റോട്ടറി ടൈപ്പ് പൈലിങ് രീതിയിലാണ് പൈലുകളുടെ നിര്‍മാണം നടത്തുന്നത്. 30.50 മീ വരുന്ന സാനില്‍ 4 പ്രീ സ്ട്രെസ്സ്ഡ് കോണ്‍ക്രീറ്റ് ഗര്‍ഡറുകളും 1345 മീ 1250 മീ സ്പാനുകളില്‍ 5 റീ ഇന്‍ഫോഴ്സ്ഡ് സിമന്റ് കോണ്‍ക്രീറ്റ് ഗര്‍ഡറുകളും ആണ് ഉള്ളത്. നിലവിലുള്ള റോഡിലേക്ക് എത്തി ചേരുന്ന വിധമാണ് പാലം വിഭാവനം ചെയ്തിരിക്കുന്നത്. അപ്പോച്ച് റോഡ് നിര്‍മ്മാണത്തിന് വേണ്ടി 12:14 ആര് സ്ഥലം ഏറ്റെടുക്കേണ്ടി വരും. സ്ഥലമെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിച്ചു വരുന്നു.
പാലത്തിന്റെ കരയില്‍ കാലടി ഭാഗത്ത് ചേര്‍ന്ന സമ്മേളനത്തില്‍ പിഡബ്ല്യുഡി സൂപ്രണ്ടിംഗ് എഞ്ചിനീ യര്‍ മിനി പി.കെ . സ്വാഗതവും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സജീന എസ്.ജെ. നന്ദിയും രേഖപ്പെടുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മുന്‍ എം എല്‍ എ പി ജെ ജോയ്, ബാബു ജോസഫ്, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസികുട്ടി, കൂവപ്പൊടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍, കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എംപി ആന്റണി, ഒക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെഎം ഷിയാസ്, ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹന്‍, ബ്ലോക്ക് മെമ്പര്‍മാരായ രാജേഷ് എം കെ, കാലടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക ബാലകൃഷ്ണന്, ഒക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ടീച്ചര്‍, മെമ്പര്‍മാരായ പി ബി സജീവ് സോളി ബെന്നി, ത്രിതല പഞ്ചായത്തിലെ ജനപ്രതിനിധികള്‍, വിവിധ കക്ഷിരാഷ്ട്രീയ പ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹിക സന്നദ്ധ സംഘടന ഭാരവാഹികള്‍,സ്ഥലം വിട്ടു നല്കിയ ഭൂ ഉടമകള്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


