കൊച്ചി: ടി എം ജേക്കബ്ബിനെ തള്ളി പറഞ്ഞിരുന്നെങ്കിൽ കരുണാകര മന്ത്രി സഭയിൽ തനിക്കും സഥാനം ലഭിക്കുമായിരുന്നുവെന്നും നന്ദിയുള്ളവനായത് കൊണ്ട് താൻ അത് ചെയ്തില്ലന്നും ജോണി നെല്ലൂർ പറഞ്ഞു.
എറണാകുളം രാജേന്ദ്ര മൈതാനിയിൽ കേരളാ കോൺഗ്രസ് ജേക്കബ്ബ് കേരളാ കോൺഗ്രസ് എം ലയന സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ജോണി നെല്ലൂർ. പക്ഷെ അദ്ദേഹത്തിന്റെ മകൻ ഇപ്പോൾ പറയുന്നത് കേൾക്കുമ്പോൾ ദുഃഖം തോന്നുന്നു എന്ന് ജോണി നെല്ലൂർ.
നമ്മളെ വിശ്വസിച്ചു വന്നവരെ കൈവിടരുതെന്ന് ടി എം ജേക്കബ്ബ് എന്നും പറയുമായിരുന്നു ഇന്ന് എന്നെ വിശ്വസിച്ചു വന്നവരെ ഒരു കരയ്ക്കടുപ്പിക്കാൻ കഴിഞ്ഞു എന്നുള്ള ചാരിതാർഥ്യമെന്ന് ജോണി നെല്ലൂർ കൂട്ടിച്ചേർത്തു. അനൂപ് ജേക്കബ്ബ് എന്നും അനിയനെ പോലെയായിരുന്നു പക്ഷെ ഇന്നത്തെ അദ്ദേഹത്തിന്റെ വാക്കുകൾ ദുഃഖകരമാണെന്നും.,മൂത്ത് പഴുക്കാത്തതിന്റെ കുഴപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
രാജേന്ദ്ര മൈതാനം നിറഞ്ഞു കവിഞ്ഞ പ്രവർത്തകർ ചെറു കൂട്ടങ്ങളായി പ്രകടനത്തോടെയാണ് മൈതാനത്തേക്ക് കടന്നു വന്നത്. പ്രവേശന കവാടത്തിൽ പി ജെ ജോസഫിനെ സ്വീകരിക്കാനായി ജോണി നെല്ലൂരും സംസ്ഥാന നേതാക്കളും കാത്ത് നിന്നിരുന്നു.പി ജെ ജോസഫിനെ ഷാൾ അണിയിച്ചാണ് ജോണി നെല്ലൂർ സ്വീകരിച്ചത്.
വേദിയിലെത്തിയ പി ജെ ജോസഫിന് ലയന പ്രമേയത്തിന് ശേഷം കൂറ്റൻ ജമന്തിമാല അണിയിച്ചു.തുടർന്ന് കിരീടവും രണ്ടു പേർക്കും പ്രവർത്തകർ അണിയിച്ചു.പി ജെ ജോസെഫിന്റെ പ്രസംഗം ആവേശത്തോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്.ഇനി ഒരൊറ്റ കേരളാ കോൺഗ്രസ് മാത്രമേ ഉണ്ടാവൂ എന്നും അതിനുള്ള പണികൾ നടന്നു കൊണ്ടിരിക്കുകയാണെന്നും പി ജെ ജോസഫ് പ്രസ്താവിച്ചു.


