മൂവാറ്റുപുഴ : ദാഹജലം കിട്ടാതെ വലയുന്ന കിഴക്കേക്കര കുന്നപ്പള്ളി മലയിലെ അഞ്ചു കുടുംബങ്ങള്‍ക്ക് താങ്ങായി മൂവാറ്റുപുഴ നിര്‍മ്മല കോളേജിലെ കൊമേഴ്സ് സെല്‍ഫ് ഫിനാന്‍സിംഗ് വിഭാഗം. കഴിഞ്ഞ ഒരു മാസത്തിലേറെയായി കുന്നപ്പിള്ളിയിലെ കുടിവെള്ള പ്രശ്നം സജീവ ചര്‍ച്ചയായിരുന്നു. എങ്കിലും ശാശ്വത പരിഹാരംമൊരുക്കാന് വാട്ടര്‍ അതോറിറ്റിയോ നഗരസഭയോ തയ്യാറായിരുന്നില്ല.
വിഷയം ശ്രദ്ധയില്‍പ്പെട്ട കൊമേഴ്സ് സെല്‍ഫിനാന്‍സിംഗ് ഡിപ്പാര്‍ട്ട്മെന്റ് അന്വേഷണം നടത്തുകയും, നിജസ്ഥിതി ബോധ്യമായതിന്റെ അടിസ്ഥാനത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ വി തോമസ്, കോളേജ് ബര്‍സാര്‍, അഡ്മിനിസ്ട്രേറ്റര്‍,ഡിപ്പാര്‍ട്ട്മെന്റ് മേധാവി, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ നേതൃത്വത്തില്‍ കുടിവെള്ള വിതരണം സംഘടിപ്പിച്ചു.
നഗരസഭാ പന്ത്രണ്ടാം വാര്‍ഡിലെ ഉയര്‍ന്ന പ്രദേശമായ കുന്നപ്പള്ളി മലയിലേക്കുള്ള ശുദ്ധജല വിതരണ പൈപ്പ് ഇടയ്ക്കിടെ പൊട്ടുന്നതാണ് കാരണം. വര്‍ഷകാലത്ത് പോലും കുടിക്കാന്‍ വെള്ളമില്ലാതെ കുപ്പിവെള്ളത്തെ ആശ്രയിച്ച് ജീവിതത്തോട് മല്ലടിക്കുന്ന അഞ്ച് കുടുംബങ്ങള്‍ക്ക് സസ്റ്റൈനബിള്‍ ഡെവലപ്മെന്റ് ഗോളിന്റെ ഭാഗമായി ദാഹജലം എത്തിച്ചു നല്‍കുകയായിരുന്നു.